Latest News

മകളെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് സുന്നി നേതാവ് മരിച്ചു

കണ്ണൂര്‍: താണക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ചോലക്കപ്പറമ്പില്‍ ഹൗസില്‍ സി പി അബ്ദുറഊഫ് മുസ്ലിയാര്‍ (60) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ച് അപകടമുണ്ടായത്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകള്‍ ജുമാനയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെയാണ് അപകടമുണ്ടായത്.

സാരമായ പരിക്കേറ്റ മുസ്ലിയാരെ കൊയ്ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായ മറ്റുളളവര്‍ക്ക് പരുക്കുകളില്ല.

സുന്നി സംഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റഊഫ് മുസ്ലിയാര്‍ തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ടായിരുന്നു. പാനൂര്‍ മോന്താല്‍ ജുമാ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമാ മസ്ജിദ്, ചപ്പാരപ്പടവ് ജുമാ മസ്ജിദ്, പട്ടുവം ജുമാ മസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്റസ, ബംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് താമസം. കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് മന്ന കബര്‍സ്ഥാനില്‍.

ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍ (അല്‍മഖര്‍ ആര്‍ട്സ് ആന്റ് കോമേഴ്സ് കോളജ് അഡ്മിനിസ്ട്രേറ്റര്‍), മുഹമ്മദ് സുലൈം (അഡ്നോക്, അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ എം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

മരുമക്കള്‍: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്രി (പടന്നക്കര ജുമാ മസ്ജിദ് ഖത്തീബ്), മുബീന മാണിയൂര്‍. ഹബീബ് കൊട്ടില (എസ് വൈ എസ് ഏഴോം സര്‍ക്കിള്‍ ജന.സെക്രട്ടറി), സൈനുദ്ദീന്‍ തളിപ്പറമ്പ് (ഖത്തര്‍). സഹോദരങ്ങള്‍: അബ്ദുസലാം മദനി (തിരുവട്ടൂര്‍), അലി ഹസന്‍ മുസ്ലിയാര്‍ (പാലത്തുങ്കര), അബ്ദുറഹ്മാന്‍ സഅദി (ഇരിണാവ്), അബ്ദുല്‍മജീദ് മദനി (എളമ്പേരംപാറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കുടക് ജില്ലാ ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍), അബ്ദുശുക്കൂര്‍ സഅദി തിരുവട്ടൂര്‍ (മദ്റസ സ്വദര്‍ മുഅല്ലിം), അബൂബക്കര്‍ സഅദി (ദുബൈ), അബ്ദുല്‍ ജബ്ബാര്‍ നിസാമി(ഖത്തീബ്, നീലേശ്വരം), മുജീബ് സൈനി(ദുബൈ), ഫാത്തിമ (തിരുവട്ടൂര്‍), സൈനബ (തിരുവട്ടൂര്‍), ഉമ്മു സലമ (വലിയോറ), റഹ്മത്ത് (കാസര്‍കോട്).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.