Latest News

അക്ബര്‍ കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: പാണത്തൂര്‍ സ്വദേശിയും കൊളവയലിലെ ഖാസിഹൗസില്‍ താമസക്കാരനുമായ അബ്ദുള്‍ സലാമിന്റെ മകന്‍ അക്ബര്‍ (24) കൊലക്കേസില്‍ വിചാരണ കാസര്‍കോട് ജില്ലാ അഡി. സെഷന്‍സ് കോടതി (രണ്ട്)യില്‍ പൂര്‍ത്തിയായി.[www.malabarflash.com]

ബേളൂര്‍ അഞ്ചാംവയലിലെ വി ദാമോദന്‍ (38), വാണിയംവളപ്പില്‍ കെ സുരേഷ് (34), അഞ്ചാംവയലില്‍ പുതിയവളപ്പിലെ പി വേണു (48), എ വി രഞ്ജിത്ത് (28), എന്‍ രാജീവന്‍ (30), രാകേഷ് (30) എന്നിവരാണ് കേസിലെ പ്രതികള്‍. 

അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 40 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 23 പേരെ കോടതി വിസ്തരിച്ചു.
2011 മെയ് 2ന് രാത്രി പത്തു മണിയോടെ മൂന്നാംമൈലില്‍ സുഹൃത്ത് സിയാമുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അക്ബറിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്. ഇരു കൈകള്‍ക്കും ശരീരത്തിന്റെ പിറകു വശത്തും മാരകമായി കുത്തേറ്റ അക്ബറിനെ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ആദ്യം അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സക്കിടയില്‍ മെയ്10ന് രാത്രി അക്ബര്‍ മരണപ്പെടുകയായിരുന്നു.
കോട്ടച്ചേരിയില്‍ വഴിയോരത്ത് മൊബൈല്‍ഫോണ്‍ വില്‍പ്പനയും റിപ്പയറിംഗും നടത്തി വരികയായിരുന്നു അക്ബര്‍ കൊളവയലിലെ വാടക വീട്ടില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു.
മൂന്നാംമൈലില്‍ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായ പ്രശ്‌ന ത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ അനുഭാവി മൂന്നാംമൈലിലെ സത്താറിനെ ഒരു സംഘം മര്‍ദ്ദിച്ചവശനാക്കിയിരുന്നു. ഈ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് മൂന്നാംമൈലിലും മറ്റും നടത്തിയ റെയ്ഡില്‍ നിരവധി ചെറുപ്പക്കാരെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. കസ്റ്റഡിയിലായ സുഹൃത്ത് സിയാം വിളിച്ചതിനെ തുടര്‍ന്നാണ് അക്ബര്‍ മൂന്നാംമൈലിലെത്തിയത്.
എന്നാല്‍ അപ്പോഴേക്കും സിയാമുവിനെ പോലീസ് വിട്ടയച്ചിരുന്നു. 

തുടര്‍ന്ന് രാത്രി പത്തു മണിയോടെ സിയാമുവിന്റെ വീട്ടിലെത്തിയ അക്ബര്‍ സിയാമുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമി സംഘം അക്ബറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.