Latest News

കാസര്‍കോട് സ്വദേശിയുടെ മൃതദേഹം രണ്ടര വര്‍ഷമായി ദമാമിലെ മോര്‍ച്ചറിയില്‍

ദമ്മാം: രണ്ടര വര്‍ഷമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം തേടി ഒടുവില്‍ ബന്ധുക്കളെത്തി. 2015ല്‍ മരിച്ച അല്‍ഖോബാറിലെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാരനായ കോയാമൂച്ചിയുടെ മൃതദേഹം തേടിയാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്.[www.malabarflash.com] 

കാസര്‍കോട് ബദിയടുക്കകടുത്ത് പരേതനായ കന്ന്യാപടി കുഞ്ഞമ്മദിന്റെ മകനാണിയാളെന്നും കോയാമൂച്ചി അല്ല ഹസൈനാര്‍ എന്നാണ് ഇയാളുടെ പേരെന്നുമാണ് ബന്ധുക്കളായ മൊയ്തീന്‍ മംഗള്‍വാര്‍, മുഹമ്മദ് ഉളുവാര്‍ എന്നിവര്‍ പറയുന്നത്. ഇത് കാസര്‍കോട്ടെ സഹോദരങ്ങള്‍ തിരിച്ചറിഞ്ഞതായും ഇരുവരും പറഞ്ഞു.

അനിശ്ചിതമായി ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ സംസ്‌കരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് മീഡയവണ്‍ ചാനലില്‍ വന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാണ് ബന്ധുക്കള്‍ എത്തിയത്. പാസ്‌പോര്‍ട്ടിലെ വിലാസമനുസരിച്ച് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആണ് കോയമൂച്ചി. എന്നാല്‍ വ്യാജപാസ്‌പോര്‍ട്ടിലാണ് ഇദ്ദേഹം സൗദിയില്‍ വന്നത് എന്നാണ് സൂചന.

നാട്ടിലുള്ള സഹോദരങ്ങള്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മാതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. പാസ്‌പോര്‍ട്ടിലുള്ള വിലാസപ്രകാരം ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തതാണ് നടപടികള്‍ വൈകിച്ചത്. ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ ഇവര്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും. രേഖകള്‍ ശരിയാക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

22 വര്‍ഷം മുമ്പ് സൗദിയില്‍ എത്തിയതാണ് കോയമൂച്ചി എന്ന പേരിലറിയപ്പെട്ട ഹസൈനാര്‍. മരിക്കുന്നതിന് 12 വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി വന്നത്. ദമ്മാം അല്‍ഖോബാറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. 2015 ലാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. പാസ്‌പോര്‍ട്ട് വിലാസ പ്രകാരം കോഴിക്കോട്ടുകാരന്‍ ആയിരുന്നെങ്കിലും കാസര്‍കോട്കാരനായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

മൃതദേഹം നാട്ടില്‍ അയക്കുന്നതിനോ അല്ലെങ്കില്‍ ഇവിടെ മറവ് ചെയ്യുന്നതിനോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ തയാറായെങ്കിലും ഇരുജില്ലകളിലും നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിക്കാതായതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്തിനെതിരെ ആശുപത്രി അതികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ ഇവിടെ മറവു ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ സ്‌പോണ്‍സര്‍ക്കും വിഷയത്തിലിടപെട്ട സാമൂഹ്യ പ്രവര്‍ത്തകനും പോലീസ് നിര്‍ദേശം നല്‍കുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.