Latest News

ജില്ലയില്‍ മികച്ച വിജയം നേടിയ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു

കാസര്‍കോട്: നാടിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റമുണ്ടായാല്‍ മാത്രമേ സാധ്യമാകൂവെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. റോഡുകളും പാലങ്ങളും വലിയ കെട്ടിടങ്ങളും വന്നാല്‍മാത്രം വികസനമാകില്ല. വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ വികസനമുണ്ടാകു. സര്‍ക്കാരിന്റെ ലക്ഷ്യവും വിദ്യാഭ്യാസപരമായ മുന്നേറ്റം സാധ്യമാക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും പ്ലസ്ടു പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അനുമോദിക്കല്‍ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 2017-18 അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടിയ 70 സ്‌കൂളുകളേയും പ്ലസ്ടു തലത്തില്‍ 100 ശതമാനം വിജയിച്ച മൂന്നു സ്‌കൂളുകളേയും പ്ലസ്ടു പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ 17 വിദ്യാര്‍ഥികളെയുമാണ് ചടങ്ങില്‍ അനുമോദിച്ചത്.
'വിജയോത്സവം 2018' എന്ന പേരില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി പത്മജ, പുഷ്പ അമേക്കള, സുഫൈജ ടീച്ചര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍, കാസര്‍കോട് ഡിഇഒ നന്ദികേശന്‍, കാഞ്ഞങ്ങാട് ഡിഇഒ പുഷ്പ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ദിലീപ്, എസ്എസ്എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.