Latest News

സയ്യിദ് മുഹമ്മദ് കോയ ബാഅലവിഅന്തരിച്ചു

തൃശൂര്‍: സമസ്ത കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ ബാഅലവി അല്‍ ഖാസിമി (72) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശനിയാഴ്ച രാവിലെ 9.40 ഓടെയായിരുന്നു അന്ത്യം.[www.malabarflash.com] 

തൃശൂര്‍ ജില്ലയില്‍ സമസ്തയെയും പോഷകഘടകങ്ങളെയും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 

സൂഫീവര്യനായ പിതാവില്‍നിന്ന് ലഭിച്ച ദീനീഅധ്യാപനങ്ങളായിരുന്നു എസ്.എം.കെ. തങ്ങളെന്ന് ജനങ്ങള്‍ ആദരവോടെ വിളിച്ച ബഹുഭാഷാ പണ്ഡിതനെ ജീവിതത്തില്‍ മുന്നോട്ട് നയിച്ചത്. 1946ല്‍ പ്രമുഖ സൂഫീ പണ്ഡിതന്‍ അങ്ങാടിപ്പുറം മുത്തുക്കോയ തങ്ങളുടെയും സൈനബ ബീവിയുടെയും മകനായി തൃശൂര്‍ ജില്ലയിലെ താണിശ്ശേരിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

കര്‍മ്മ മേഖലയിലെല്ലാംതന്നെ ഏറ്റെടുത്ത സ്ഥാനങ്ങള്‍ ഏറ്റവും നല്ലരീതിയില്‍ കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റ്, എം.ഐ.സി. കൈപ്പമംഗലം പ്രസിഡന്റ്, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്‌ലാമിക് കോളജ് പ്രസിഡന്റ്, തൊഴിയൂര്‍ ദാറുറഹ്മ ആക്ടിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുപോരവേയാണ് തങ്ങളുടെ വിയോഗം.

മഹാരാഷ്ട്രയിലും ദാറുല്‍ ഉലൂം ദയൂബന്ദിലും ഉന്നതപഠനം നടത്തിയ തങ്ങള്‍ പഠനകാലത്തേ ബോംബെയില്‍ ഖത്തീബായി സേവനമനുഷ്ഠിച്ചു. പിന്നീട് തളിപ്പറമ്പ്, ചളിങ്ങാട്, താണിശ്ശേരി എന്നീ മഹല്ലുകളില്‍ ഖത്തീബായും നാട്ടിലും വിദേശത്തുമായി ഒട്ടേറെ സ്ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഉച്ചയോടെ വസതിയിലെത്തിച്ച മയ്യിത്ത് ചാമക്കാല നഹ്ജുര്‍റശാദ് കോളജ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനുവച്ച് അഞ്ചുമണിയോടെ ചാമക്കാല ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി നിരവധി പണ്ഡിതന്മാര്‍, സാദാത്തുക്കള്‍, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ജനാസ സന്ദര്‍ശിക്കാന്‍ കോളജിലേക്ക് എത്തിയിരുന്നു.

ഭാര്യ: ഉമൈബാ ബീവി. മക്കള്‍: അഫ്‌സ ബീവി, സല്‍മ ബീവി, അസ്മ ബീവി, സയ്യിദ് ഫൈസല്‍ തങ്ങള്‍.
മരുമക്കള്‍: സയ്യിദ് ശുക്കൂര്‍ റഹ്മാന്‍ തങ്ങള്‍ വാടാനപ്പിള്ളി, സയ്യിദ് അശ്‌റഫ് തങ്ങള്‍ ഞാങ്ങാട്ടിരി, സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ ഫൈസി മുവാറ്റുപുഴ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.