Latest News

ഭരണവിലാസം കൊള്ള അംഗീകരിക്കാനാവില്ല: വി.കെ.സജീവന്‍

കാഞ്ഞങ്ങാട്: ദുരിതത്തിന്റെ മറവില്‍ ഭരണവിലാസം കൊള്ള അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു. [www.malabarflash.com]

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ രാഷ്ട്രീയ വല്‍ക്കരണത്തിനെതിരെയും, ദുരിതാശ്വാസ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നിര്‍ബന്ധിത ധനസമാഹരണത്തിലൂടെ ഇടത് സര്‍ക്കാര്‍ മനുഷ്യ നന്മയെ ചൂഷണം ചെയ്യുന്ന ഫാസിസ്റ്റ് നിലപാട് അംഗീകരിക്കാനാവില്ല. കേന്ദ്ര കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് മുഖവിലക്കെടുക്കാതെ കേരളത്തെ ദുരന്തത്തിന്റെ കൊടുംപാതയിലേക്ക് തള്ളി വിട്ട മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ വിദഗ്ദ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 

ദുരിതാശ്വാസത്തിന്റെ പേരില്‍ പണപിരിവ് നടത്തി പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടുള്ള നവകേരളമല്ല സൃഷ്ടിക്കേണ്ടത്. കേരളത്തെ സുരക്ഷിതമാക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടത്. 

മാധവ ഘാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഗൗരവമായി പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കയ്യേറ്റക്കാരേയും ഭൂമാഫിയക്കാരേയും സഹായിക്കുന്ന നിലപാട് ഇടത് വലത് മുന്നണികള്‍ അവസാനിപ്പിക്കണം. മുഖ്യമന്ത്രിയും ചില മന്ത്രിമാരും ജനങ്ങളെ മറന്ന് സ്വന്തം കാര്യം നോക്കിപോയതിനാല്‍ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും വി.കെ.സജീവന്‍ പറഞ്ഞു. 

മുനിസിപ്പല്‍ ഏരിയ പ്രസിഡന്റ് സി.കെ.വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറിമാരായ എം.ബല്‍രാജ്, വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു, ജന.സെക്രട്ടറി മനുലാല്‍ മേലത്ത്, വൈസ് പ്രസിഡന്റ് വീണാ ദാമോദരന്‍, ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌കെ.വി.മാത്യു, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി ചിത്രന്‍ അരയി, കൗണ്‍സിലര്‍മാരായ എച്ച്.ആര്‍.ശ്രീധരന്‍, എച്ച്.ആര്‍.സുകന്യ, വിജയ മുകുന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുനിസിപ്പല്‍ ഏരിയ പ്രസിഡന്റ്എന്‍.അശോകന്‍ സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.