Latest News

ചക്കരക്കല്ലിലെ വിവാദ മാല കവര്‍ച്ച; യഥാര്‍ത്ഥ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ചക്കരക്കല്ലിലെ വിവാദ മാലമോഷണ കേസിലെ യഥാര്‍ത്ഥ പ്രതിയെ ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തു. മാഹി അഴിയൂര്‍ കോടേത്ത് റോഡിലെ ശരത്തിനെ(45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മറ്റൊരു കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ശരത്തിനെ കോടതിയില്‍ നിന്നും 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ചക്കരക്കല്ലിലെ വീട്ടമ്മയായ രാഖിയുടെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സി സി ടി വി ദൃശ്യത്തില്‍ സാദൃശ്യം ഉണ്ടായിരുന്ന താജുദ്ദീന്‍ എന്നയാളെ ആദ്യം എസ് ഐ ബിജു അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് 54 ദിവസം ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്തു. 

താന്‍ നിരപരാധിയാണെന്നും എസ് ഐ തന്നെ ആളുമാറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കാണിച്ച് താജുദ്ദീന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതി കൈയില്‍ സ്റ്റീല്‍ വള ധരിച്ചിട്ടുണ്ടെന്നും നെറ്റിയില്‍ നിരവധി മുറിപ്പാടുകള്‍ ഉണ്ടെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ക്രൈം സ്‌ക്വാഡുകള്‍ക്കും റിപ്പോര്‍ട്ട് അയച്ചു. അപ്പോഴാണ് യഥാര്‍ത്ഥ പ്രതി കോഴിക്കോട് മറ്റൊരു ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നുണ്ടെന്ന് അവിടുത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പിക്ക് റിപ്പോര്‍ട്ട് അയച്ചത്. ഇതേ തുടര്‍ന്നാണ് അവിടെയെത്തി പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ആദ്യം പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിക്കുകയും കളവ് മുതല്‍ വില്‍പ്പന നടത്തിയ സ്ഥലം പോലീസിന് വിശദീകരിക്കുകയും ചെയ്തു. കവര്‍ച്ചക്ക് ഉപയോഗിച്ച പി വൈ 03-9723 നമ്പര്‍ സ്‌കൂട്ടര്‍ മാഹിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തില്‍ നിന്നും ഓടിക്കാന്‍ തല്‍ക്കാലത്തേക്ക് വാങ്ങിയതായിരുന്നുവത്രെ സ്‌കൂട്ടര്‍. 

ഈ കേസുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ എസ് ഐക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും നിരപരാധിയെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഡി വൈ എസ് പി എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.