Latest News

അന്യജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ നദിയിൽ എറി‍ഞ്ഞുകൊന്നു

ഹൊസൂർ: വീട്ടുകാരെ എതിർത്ത് അന്യജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ കൈകാലുകൾ കെട്ടി കാവേരിനദിയിൽ എറിഞ്ഞുകൊലപ്പെടുത്തി.[www.malabarflash.com]

ദുരഭിമാനക്കൊലയുടെ പുതിയ ഇരകളായിരിക്കുകയാണ് തമിഴ്നാട് സ്വദേശികളായ നന്ദീഷും (26) സ്വാതിയും(19). തമിഴ്നാട് കൃഷ്ണിഗിരി സ്വദേശികളാണ് ഇരുവരും. കമൽഹാസന്റെ പൊതുസമ്മേളനം കണ്ട് മടങ്ങുമ്പോഴാണ് ദമ്പതികൾക്കു ദാരുണാന്ത്യം സംഭവിച്ചത്.

പ്രണയത്തിലായിരുന്ന ഇരുവരും മൂന്നു മാസം മുമ്പാണ് വിവാഹിതരായത്. വീട്ടുകാർ എതിർക്കുമെന്ന് അറിയാവുന്നതിനാൽ കർണാടകയിലെ ഹൊസൂരിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ട നന്ദീഷിനെ സ്വാതി വിവാഹം കഴിച്ചതാണ് എതിർപ്പിനു കാരണമായത്.

ഒളിച്ചുതാമസിക്കുന്നതിന്റെ ഇടയിൽ ഹൊസൂരിൽ കമൽഹാസന്റെ പൊതുസമ്മേളനമുണ്ടെന്ന് അറിഞ്ഞ് ഇരുവരും പരിപാടി കാണാനെത്തുകയായിരുന്നു. എന്നാൽ സ്വാതിയുടെ ഒരു അകന്ന ബന്ധു ഇവരെ അവിടെവെച്ച് കാണാനിടയായി. ഇയാളാണ് സ്വാതിയുടെ പിതാവിനെ വിവരമറിയിച്ചത്. ഏതാനും ബന്ധുക്കൾക്കൊപ്പം ഹൊസൂരിൽ തന്നെയുണ്ടായിരുന്ന പിതാവ് ദമ്പതിമാരെ പിടികൂടി കൈകാലുകൾ ബന്ധിച്ച് കാവേരിയിൽ എറിയുകയായിരുന്നു.

അഞ്ചുദിവസം മുമ്പ് ശിവസമുദ്രയ്ക്ക് സമീപം പോലീസാണ് നന്ദീഷിന്റെ ജഡം കണ്ടെത്തുന്നത്. രണ്ടുദിവസത്തിനുശേഷം സ്വാതിയുടേതും കൈകൾ കെട്ടിയ നിലയിൽ അവിടെ നിന്നുതന്നെ കണ്ടെത്തി. ഇതോടെയാണ് ഇരുവരും ഒരേ ദിവസം തന്നെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെട്ടത്. പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിൽ സ്വാതിയുടെ പിതാവാണു ഘാതകനെന്നു തിരിച്ചറിയുകയായിരുന്നു ഇയാൾ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.