Latest News

റിയാദിലെ ലുലു അവന്യൂവില്‍ നിന്ന് നാലരക്കോടി തട്ടി മുങ്ങിയ മാനേജര്‍ തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ലുലു അവന്യൂവിൽ നിന്ന് നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേയ്ക്ക് മുങ്ങിയ ജീവനക്കാരനെ തിരുവനനന്തപുരം സിറ്റി ഷാഡോ പോലീസ് കഴക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ശാന്തിനഗർ സാഫല്യം വീട്ടിൽ ഷിജു ജോസഫാ(45)ണ് അറസ്റ്റിലായത്.[www.malabarflash.com]

ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേയ്ക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. 

വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു. തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു. ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്. 

സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം എസി വി.സുരേഷ് കുമാർ, തുമ്പ എസ്ഐ ഹേമന്ത് കുമാർ, ക്രൈം എസ്ഐ കുമാരൻ നായർ, ഷാഡോ എസ്ഐ സുനിൽലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയതെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.