Latest News

പണിമുടക്കും അവധിയും; ബാങ്കുകളുടെ പ്രവർത്തനം ആറു ദിവസത്തോളം തടസ്സപ്പെട്ടേക്കും

തിരുവനന്തപുരം: പണിമുടക്കും അവധിയും കാരണം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം ആറു ദിവസത്തോളം തടസ്സപ്പെട്ടേക്കും. പ്രഖ്യാപിച്ച സമരങ്ങൾ പിൻവലിച്ചില്ലെങ്കിൽ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 24-നു മാത്രമാണ് ബാങ്കുകൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനാവുക.[www.malabarflash.com]

21-ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ എന്ന സംഘടന പ്രഖ്യാപിച്ച പണിമുടക്കാണ്. ഒരുവിഭാഗം ഓഫീസർമാരാണ് ഈ സംഘടനയിലുള്ളത്. ഈ പണിമുടക്ക് ബാങ്കിങ് മേഖല അപ്പാടെ നിശ്ചലമാക്കാനിടയാക്കില്ല. എന്നാൽ, ചില ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടാം. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നും കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാൻ നടപടികൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

22-ന് നാലാം ശനിയാഴ്ചയും 23-ന് ഞായറാഴ്ചയുമാണ്. ഈ രണ്ടുദിവസവും അവധിയാണ്. 24-ന് അവധിയില്ല. 25-ന് ക്രിസ്മസ് അവധിയാണ്. 26-ന് വീണ്ടും പണിമുടക്ക്.

26-ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത് ബാങ്കിങ് മേഖലയിലെ മുഴുവൻ സംഘടനകളും ചേർന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ്. എല്ലാ വിഭാഗം ജീവനക്കാരും പണിമുടക്കുന്നുണ്ട്. ഇതിൽ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും.

ഇത്രയും ദിവസം തുടർച്ചയായി ബാങ്കുകളുടെ പ്രവർത്തനം മുടങ്ങുമ്പോൾ എ.ടി.എമ്മുകളിൽ ആവശ്യത്തിന് പണം ഉറപ്പാക്കിയില്ലെങ്കിൽ ജനത്തിന് ബുദ്ധിമുട്ടാവും. തുടർച്ചയായി അവധിവന്നാൽ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ബദൽ സംവിധാനം നിലവിലുണ്ടെന്നാണ് ബാങ്ക് അധികൃതർ അവകാശപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.