Latest News

കാക്കിക്കുള്ളിലെ കാരുണ്യത്തിന്റെ മുഖമായി വീണ്ടും ബേക്കല്‍ പോലീസ്

ഉദുമ: കാക്കിക്കുള്ളിലെ കാരുണ്യത്തിന്റെ മുഖമായി വീണ്ടും ബേക്കല്‍ പോലീസ്. ഇത്തവണ കുടിവെള്ളത്തിന്റെ രൂപത്തിലാണ് ബേക്കല്‍ പോലീസിന്റെ കനിവ് പരന്നൊഴുകിയത്.[www.malabarflash.com]

എസ്.ഐ. കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലിള്ള നന്മ നിറഞ്ഞ പോലീസുകാര്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലിയടുക്കത്തെ കുടുംബത്തിന് മുന്നിലേക്കാണ് നന്മയോടെ ഓടിയെത്തിയത്. ആരാരുമില്ലാത്ത നാല് അമ്മമാര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെടുന്ന ചിത്രത്തിന് മുന്നില്‍ സ്വയം അലിഞ്ഞുപോയ പോലീസുകാര്‍ സുമനസ്‌ക്കരുടെ സഹായത്തോടെ ബോര്‍വെല്‍ നിര്‍മ്മിച്ചു നല്‍കാന്‍ പരിശ്രമിക്കുകയും ഖത്തറിലുള്ള ഒരു ബിസ്സിനസ്സുകാരന്‍ അതിന് സന്നദ്ധ അറിയിക്കുകയുമായിരുന്നു.
ബോര്‍വെല്‍ വാഗ്ദാനം ചെയ്ത ആ നല്ല മനുഷ്യന്‍ അതിവേഗം അതിനുള്ള പണം അയച്ചുനല്‍കുകയും ചെയ്തു. ഉടന്‍ നെല്ലിയടുക്കത്തെ ആ വീട്ടുമുറ്റത്ത് ബോര്‍വെല്‍ സ്ഥാപിച്ചപ്പോള്‍ അതിവേഗമാണ് വെള്ളം ലഭിച്ചത്. 

ഏറെ ദൂരെ നിന്ന് വെള്ളം ചുമന്ന് വരേണ്ട അവസ്ഥയില്‍ നിന്ന് തൊട്ടരികില്‍ വെള്ളമെത്തിയപ്പോള്‍ ആ അമ്മമാര്‍ക്ക് അത് പൊന്നോണത്തിന്റെ ആഹ്ലാദമായി മാറി.
ബേക്കല്‍ പോലീസിനും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമായി മാറി. ആരാരുമില്ലാത്ത അമ്മമാരെ ചേര്‍ത്ത് നിര്‍ത്തി ഞങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ആ അമ്മമാരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ബോര്‍വെല്‍ മാത്രമല്ല നേരത്തെ ഇതേ കോളനിയില്‍ ഒരു വീടും ബേക്കല്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതും ബേക്കല്‍ പോലീസാണ്.
ബേക്കല്‍ പോലീസിന്റെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.