Latest News

കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു കോടിയോളം രൂപയുടെ ആഭരണങ്ങളും കാറും തട്ടിക്കൊണ്ടു പോയി

പാലക്കാട്: തൃശൂർ കല്യാൺ ജ്വല്ലേഴ്സിൽ നിന്നു കോയമ്പത്തൂരിലേക്കു സ്വർണവുമായി പോയ കാർ ആക്രമിച്ച് ഒരു കോടിയോളം രൂപയുടെ ആഭരണങ്ങളും കാറുമായി കടന്നു.[www.malabarflash.com]

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ദേശീയപാതയിൽ വാളയാറിനും കോയമ്പത്തൂരിനുമിടയിൽ തമിഴ്നാട്ടിലെ ചാവടിയിലാണ് രണ്ടു കാറുകളിലെത്തിയ സംഘം കാർ തട്ടിക്കൊണ്ടു പോയത്. ജ്വല്ലറിയുടെ കാറിലുണ്ടായിരുന്ന ഡ്രൈവർമാരായ തൃശൂർ സ്വദേശികൾ സി.ആർ. അർജുൻ (22), ടി.എസ്. വിൽഫ്രഡ് (31)എന്നിവർക്കു പരുക്കേറ്റു.

കല്യാൺ ജ്വല്ലേഴ്സിന്റെ കാറിനു പിന്നിൽ ചാവടിയിലെ പെട്രോൾ പമ്പിനു സമീപം അക്രമിസംഘത്തിന്റെ കാർ ഇടിച്ചു കയറ്റി. ഇതു ചോദ്യം ചെയ്യാൻ കാർ നിർത്തി അർജുൻ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂർ ഭാഗത്തു നിന്നു മറ്റൊരു കാർ പാഞ്ഞെത്തി. രണ്ടു കാറുകളിൽ നിന്നുമായി പുറത്തിറങ്ങിയവർ സ്വർണവുമായി വന്ന കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു. എതിർക്കാൻ ശ്രമിച്ച അർജുനെയും വിൽഫ്രഡിനെയും മർദിച്ചു റോഡിൽ ഉപേക്ഷിച്ച ശേഷം കാറും സ്വർണവുമായി കോയമ്പത്തൂർ ഭാഗത്തേക്കു കടക്കുകയായിരുന്നു.

ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാർ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പോലീസ് സ്റ്റേഷനിലെത്തിച്ചു. 

9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരിൽ ചിലർ മുഖം മറച്ചിരുന്നെന്നും ഡ്രൈവർമാർ മൊഴി നൽകി. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മധുക്കര പോലീസാണ് കേസ് അന്വേഷിക്കുന്നത്. സ്വർണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.