നീലേശ്വരം: പുരനിറഞ്ഞ പുരുഷൻമാർക്ക‌് ജീവിത സഖികളെ കിട്ടി തുടങ്ങി; ആദ്യ വിവാഹം ഞായറാഴ‌്ച നടന്നു. മടിക്കൈ പഞ്ചായത്ത‌് സിഡിഎസിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി അവിവാഹിതരായ പുരുഷൻമാർക്ക‌് വേണ്ടി പുരനിറഞ്ഞ പുരുഷൻമാർ എന്ന പേരിൽ മേക്കാട്ട‌് കുട്ടായ‌്മ സംഘടിപ്പിച്ചിരുന്നു.[www.malabarflash.com]
ഇത‌് മാധ്യമ ശ്രദ്ധയും നേടിയിരുന്നു. ഇതിനെ തുടർന്ന‌് മടിക്കൈ പഞ്ചായത്ത‌് സിഡിഎസ‌് നേതൃത്വത്തിൽ മാട്രിമോണിയൽ പ്രോജക‌്ട‌് ആരംഭിക്കുകയും ചെയ‌്തു. ചാളക്കടവിലെ പരേതനായ കൂക്കൾവീട്ടിൽ കുഞ്ഞിരാമൻനായരുടെയും കെ കാർത്യായനിഅമ്മയുടെയും മകൻ കെ വിജയകുമാറും ചുണ്ടയിലെ വി കുഞ്ഞികണ്ണന്റെ മകൾ കാഞ്ചനയുമാണ‌് വിവാഹിതരായത‌്. ഇരുവരും ഭിന്നശേഷിക്കാരാണ‌്.
വിജയകുമാർ നിരവധി സ്ഥലങ്ങളിൽ കല്യാണത്തിനായി പെണ്ണ‌് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ പഞ്ചായത്തിലെ സിഡിഎസ‌് പ്രവർത്തകരുടെ ഇടപെടലിലാണ‌് വിവാഹം ഒത്തുവന്നത‌്. മേക്കാട്ടുള്ള സിഡിഎസ‌് ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുക്കൾ, പഞ്ചായത്ത‌് ഭരണസമിതിയംഗങ്ങൾ, സിഡിഎസ‌് പ്രവർത്തകൾ, കുടുംബശ്രി ഗവേണിങ് ബോഡിയംഗം പി ബേബി, ശശിന്ദ്രൻ മടിക്കൈ, എം അബ‌്ദുൾറഹ‌്മാൻ, വി വി സീമ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവാഹ ശേഷം വരന്റെ ചാളക്കടവിലുള്ള വീട്ടിൽ വിവാഹ സദ്യയും നടന്നു.
No comments:
Post a Comment