Latest News

ഏകസിവില്‍ കോഡ് വാദം രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കും- പേരോട് സഖാഫി

കാസര്‍കോട്: ഇന്ത്യക്ക് ലോകത്തിന് മുന്നില്‍ അഭിമാനപൂര്‍വ്വം തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞത് എല്ലാ മതങ്ങളുടെയും ആരാധനാ സ്വാതന്ത്യം ഉറപ്പ് നല്‍കുന്ന ഭരണഘടനാ സംരക്ഷണമാണെന്നും ഇസ്ലാമിക ശരീഅത്തിനെതിരെയുള്ള നീക്കം രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് കളങ്കമേല്‍പിക്കുമെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദു റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു.[www.malabarflash.com] 

ഭരണ ഘടനക്ക് കാവലിരിക്കുക എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഭാഗമായി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന മൗലികാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വ്യക്തി നിയമം ഓരോ മതത്തിനും അനുവദിച്ചു നല്‍കുന്ന വിശ്വാസസ്വാതന്ത്യത്തിനു നേരെയുള്ള നീക്കമാണ് ഏകസിവില്‍ കോഡ് വാദം. മുത്വലാഖ് നിരോധന നിയമ നിര്‍മാണവും ഗോവധ നിരോധവുമൊക്കെ വ്യക്തിനിയമത്തില്‍ കൈകടത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. 

മതേതരത്വം സമ്പൂര്‍ണമാകുന്നത് ഓരോ മതക്കാരനും അവന്റെ മത വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സാധിക്കുമ്പോഴാണ്. പൗരന്മാരുടെ വിശ്വാസത്തില്‍ രാഷ്ട്രം ഇടപെടരുത്. ഭരണകൂടങ്ങളുടെ നിയമ നിര്‍മാണങ്ങളും കോടതികളുടെ വിധികളും രാജ്യത്തെ പൗരന്മാരില്‍ ആശങ്ക വളര്‍ത്തുന്നതാകരുത്. എസ് വൈ എസ് സമ്മേളനം അഭിപ്രായപ്പെട്ടു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഇബ്രാഹീം ഹാദി തങ്ഹള്‍, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി, മുഹമ്മദ് സഖാഫി പാത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഇബ്രാഹീം സഖാഫി കുമ്മോളി, രഫീഖ് സഅദി ദേലമ്പാടി, ഹമീദ് പരപ്പ, വി സി അബ്ദുല്ലാഹി സഅദി, സത്താര്‍ ചെമ്പരിക്ക, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി, റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ബാസ് സഖാഫി ചേരൂര്‍, കന്തല്‍ സൂപ്പി മദനി, ശാഫി സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അബ്ദുല്‍കരീം ദര്‍ബാര്‍കട്ട സ്വാഗതവും അശ്‌റഫ് സുഹ്‌രി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.