Latest News

കള്ളൻമാരെ പേടിച്ച് ബുക്കിലെ പേപ്പറുകൾക്കിടയിൽ സൂക്ഷിച്ച 20 പവൻ സ്വർണം ബുക്കുകൾക്കൊപ്പം ആക്രിക്കാരന് വിറ്റു

തിരുവനന്തപുരം: കള്ളൻമാരെ പേടിച്ച് ബുക്കിലെ പേപ്പറുകൾക്കിടയിൽ സൂക്ഷിച്ച 20 പവൻ സ്വർണം ബുക്കുകൾക്കൊപ്പം ആക്രിക്കാരന് വിറ്റു. അബദ്ധം തിരിച്ചറിഞ്ഞ വീട്ടമ്മ പോലീസ് സഹായത്തോടെ ആക്രിക്കടയിൽ പരിശോധന നടത്തി 17 പവൻ സ്വർണം വീണ്ടെടുത്തു.[www.malabarflash.com]

 സ്വർണം കിട്ടിയില്ലെന്ന് വീട്ടമ്മയോടും പോലീസിനോടും പറഞ്ഞ കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനെൽവേലി സ്വദേശി സുബ്ഹ്മണ്യനെ(34) വീട്ടമ്മയുടെ പരാതിയിൽ നേമം പോലീസ് അറസ്റ്റ് ചെയ്തു.

കാരയ്ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഴയബുക്കുകളും മറ്റു പഴയ സാധനങ്ങളുമായി ഇയാൾ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വർണം കവറിൽ പൊതിഞ്ഞ് ബുക്കിലെ പേപ്പറുകൾക്കിടയിൽ സൂക്ഷിച്ചിരുന്ന കാര്യം ഓർമ വന്നത്. ഉടനെ മകളുടെ സ്കൂട്ടറിൽ അട്ടക്കുളങ്ങരയിലെ കടയിൽ എത്തി സ്വർണം തിരികെ ചോദിച്ചെങ്കിലും താൻ കണ്ടില്ലെന്നും വഴിയിൽ വീണുപോയിരിക്കാമെന്നും ഇയാൾ‌ പറഞ്ഞു.

സംഭവമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കൾ കടയിലെത്തി ബഹളം വച്ചതോടെ ഫോർ‌ട്ട് പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും സ്വർണം താൻ എടുത്തിട്ടില്ലെന്ന് ആവർത്തിക്കുകയായിരുന്നു.

പരാതിയിൽ വീട്ടമ്മ ഉറച്ചുനിന്നതോടെ ഇയാളുമായി കടയിലെത്തി പോലീസ് നടത്തിയ പരിശോധനയിൽ 17 പവൻ സ്വർണം കണ്ടെടുത്തു. തുടർന്ന് കടയുടമയെ നേമം പോലീസിന് കൈമാറി. ബാക്കി മൂന്നുപവൻ സ്വർണം എവിടെയെന്നത് പോലീസ് അന്വേഷിച്ചുവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.