Latest News

ജില്ലയില്‍ 59 വിഐപി വോട്ടര്‍മാര്‍ ; ലിസ്റ്റില്‍ പരേതനായ കവിയും മുന്‍ എംഎല്‍എയും

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ 59 പേരെ വിഐപി വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം ലിസ്റ്റ് പുറത്തിറക്കി. പി കരുണാകരന്‍ എംപി, ജില്ലയിലെ എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, സിനിമാ മേഖലയിലുള്ളവര്‍, ആത്മീയ ആചാര്യന്മാര്‍, ചിത്രകാരന്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങിയ 59 പേരാണ് ബൂത്തുതല ഓഫീസര്‍മാര്‍ തയ്യാറാക്കിയ വിഐപി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.[www.malabarflash.com] 
അതേ സമയം അന്തരിച്ച മുന്‍ ഹൊസ്ദുര്‍ഗ് എംഎല്‍എ കണ്ണൂര്‍ സ്വദേശി പള്ളിപ്രം ബാലനും 9-ാം നമ്പറുകാരനായി പട്ടികയിലുണ്ട്. 1963 സപ്തംബര്‍ 6ന് മരണപ്പെട്ട മഞ്ചേശ്വരത്തെ കവി എം ഗോവിന്ദപൈയും പട്ടികയിലുണ്ട്.

കണ്ണൂര്‍ പൊടിക്കുണ്ട് ബൂത്തിലെ വോട്ടറായ സിനിമാതാരം സനൂഷയും കാസര്‍കോട്ടെ വിഐപി ലിസ്റ്റിലുണ്ട്. സനൂഷയുടെ മാതാവ് ഉഷ നീലേശ്വരം പട്ടേന സ്വദേശിനിയും, പിതാവ് സന്തോഷ് ആലിങ്കീഴിലുമാണ്. ഇതാവാം സനൂഷയെ കാസര്‍കോട്ടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്. 

കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാമി കേശവാനന്ദ ഭാരതി, പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍, സ്വാതന്ത്ര്യസമര സേനാനി കെ ആര്‍ കണ്ണന്‍, ക്രിക്കറ്റ്താരം മുഹമ്മദ് അസ്‌റുദ്ദീന്‍, കബഡി താരം ജഗദീഷ് കുമ്പള, ഷഹണായി വിദഗ്ധന്‍ ഉസ്താദ് ഹസ്സന്‍ ഭായി, സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം, പി വി ഷാജികുമാര്‍, പി വി കെ പനയാല്‍, നളിനി ബേക്കല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ കിഷോര്‍, നീന്തല്‍ താരവും സിവില്‍ പോലീസ് ഓഫീസറുമായ എം ടി പി സെയ്ഫുദ്ദീന്‍, അഭിനേത്രി മഹിമാ നമ്പ്യാര്‍, ഇന്ത്യന്‍ ഫുട്‌ബോള്‍താരം മുഹമ്മദ്‌റാഫി, തോയമ്മല്‍ സ്വദേശി സിനിമാ താരം സന്നാ ഹെഗ്‌ഡേ എന്നിവരും പട്ടികയിലുണ്ട്. 

ബൂത്ത്തല ഓഫീസര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വിഐപി വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഇവര്‍ക്ക് വോട്ടെടുപ്പില്‍ യാതൊരു പ്രത്യേക പരിഗണനയും ലഭിക്കില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.