ഉദുമ: ഇടതുപക്ഷത്തിന്റെ ചുവപ്പുകോട്ടയിൽ വിജയഭേരി മുഴക്കി എൽഡിഎഫ‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ പടയോട്ടം.[www.malabarflash.com]
തീരപ്രദേശവും പ്രവാസികളുടെ കേന്ദ്രവുമായ മണ്ണിൽ സ്ഥാനാർഥിക്ക‌് ആവേശകരമായ വരവേൽപ്പാണ‌് ലഭിച്ചത‌്. ജനതയുടെ ഹൃദയത്തിൽ ഇടമുള്ള പ്രിയ നേതാവിന‌് ഉജ്വല വിജയം സമ്മാനിക്കുമെന്നതിന്റെ പ്രഖ്യാപനം കൂടിയായി ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം.
ആർഎസ‌്എസിന്റെ കേന്ദ്രമായ കോട്ടപ്പാറയിൽ ചെങ്കൊടി പ്രസ്ഥാനത്തിന്റെ തേരോട്ടം കുറിച്ച‌് കോട്ടപ്പാറയിൽനിന്നാണ‌് തിങ്കളാഴ‌്ച പര്യടനം തുടങ്ങിയത‌്. കശുവണ്ടി കമ്പനിയിലെ തൊഴിലാളികൾ ഒന്നടങ്കം ഇറങ്ങിവന്ന‌് സതീഷ‌്ചന്ദ്രന‌് പിന്തുണ അറിയിച്ചു. തുടർന്ന‌് അമ്പലത്തറയിലെ സ‌്നേഹാലയത്തിലും സ്ഥാനാർഥിയെത്തി. സ്വീകരണ കേന്ദ്രമായ അമ്പലത്തറയിലെത്തുമ്പോൾ ആൾക്കൂട്ടം മുദ്രാവാക്യം വിളിയുമായി കാത്തുനിൽക്കുന്നു.
പുല്ലൂരിൽനിന്ന‌് പെരിയ ബസ‌്റ്റോപ്പിലെത്തുമ്പോൾ നാട‌് ഒന്നടങ്കം സംഗമിച്ച പുരുഷാരം ആവേശത്തോടെ കാത്തുനിൽക്കുന്നു. സ്ഥാനാർഥിയുടെ വാഹനം എത്തിയപ്പോൾ ബാൻഡ‌് മേളത്തിന്റെ അകമ്പടിയോടെ അംബേദ‌്കർ കോളേജ‌് പരിസരത്തുനിന്നും വരവേറ്റു. കല്യോട്ടുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ മുതലെടുപ്പിന‌് ശ്രമിക്കുന്നവർക്കുള്ള മറുപടിയായിരുന്നു ഇവിടുത്തെ ജനക്കൂട്ടം.
കോൺഗ്രസുകാർ നടത്തിയ അതിക്രമങ്ങളിൽ വീടും വസ‌്തുവകകളും തകർക്കപ്പെട്ടവരുടെ പങ്കാളിത്തമായിരുന്നു ശ്രദ്ധേയം. നിരന്തരമായ അക്രമങ്ങളും കുപ്രചാരണങ്ങളും കൊണ്ട‌് പ്രസ്ഥാനത്തെ തളർത്താനാവില്ലെന്ന പ്രഖ്യാപനമാണ‌് ഇവിടെ മുഴങ്ങിയത‌്.
പാക്കത്തും സ‌്ത്രീകളടക്കമുള്ള ജനാവലി സ്വീകരണത്തിനെത്തി. പ്രവാസികളുടെ കേന്ദ്രമായ പൂച്ചക്കാടും ബേക്കലത്തും അത്യാവേശകരമായിരുന്നു സ്വീകരണം. ഐഎൻഎൽ പ്രവർത്തകരുടെ ആവേശം അണ പൊട്ടുകയായിരുന്നു. ഹരിത പതാകകളിട്ട‌് സ്ഥാനാർഥിയെ സ്വീകരിക്കാൻ പ്രവർത്തകർ മത്സരിക്കുകയായിരുന്നു.
ലീഗിൽനിന്ന‌് രാജിവച്ച തെക്കേപ്പുറത്തെ നാസർ, അഫ‌്സൽ, ഷാഫി എന്നിവർ സ്ഥാനാർഥിയെ ഹാരാർപണം ചെയ‌്തു. തച്ചങ്ങാട‌് അമ്പലം പരിസരത്തെ ആൽത്തണലിൽ ബിജെപിയെയും കോൺഗ്രസിനെയും കീറിമുറിച്ചാണ‌് ഐഎൽഎൽ നേതാവായ എംഎ ലത്തീഫിന്റെ സംസാരം. സ്ഥാനാർഥിയെത്തിയപ്പോൾ മിച്ചഭൂമി സമരം ഉൾപ്പടെയുള്ള പ്രക്ഷാേഭങ്ങളുടെ മണ്ണ‌് ആവേശത്താൽ തിളച്ചു.
കോൺഗ്രസുകാരും ലീഗുകാരും ചേർന്ന‌് ചവുട്ടിക്കൊന്ന ടി മനോജ‌്കുമാറിന്റെ ചോര വീണ മണ്ണാണ‌് ഇത‌്. പെരിയാട്ടടുക്കം, പാലക്കുന്ന‌്, ഉദുമ എന്നിവിടങ്ങളിലും ഉച്ചവെയിലിലും തോൽക്കാത്ത ആവേശത്തിന്റെ പകൽപ്പൂരം. ഒരു തിരുവോണ ദിവസം കോൺഗ്രസുകാർ കുത്തിക്കൊന്ന എം ബി ബാലകൃഷ‌്ണന്റെ നാടായ മാങ്ങാട‌് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം സ്വീകരിക്കാനെത്തി.
രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളുടെ അഛൻ കോൺഗ്രസാണ‌്. ഇതിന്റെയൊക്കെ പോറ്റമ്മ ബിജെപിയും. സി രാമചന്ദ്രൻ പരിഹാസത്തിൽ പൊതിഞ്ഞ‌് ബിജെപിയെയും കോൺഗ്രസിനെയും വിചാരണ ചെയ്യുകയാണ‌്. ലീഗ‌് കേന്ദ്രങ്ങളിലെ മാറ്റം പ്രതിഫലിപ്പിച്ച‌് കളനാടും മേൽപ്പറമ്പിലും വൻ പങ്കാളിത്തമുള്ള വരവേൽപ്പ‌്.
ജനാധിപത്യം ചെന്നുപെട്ടിരിക്കുന്ന ആപത്തിന്റെ ഭീഷണി വ്യക്തമാക്കി ലഘുവായ വാക്കുകളുമായാണ‌് സ്ഥാനാർഥി ആളുകളുടെ ഹൃദയം കീഴടക്കുന്നത‌്.
കർഷക –- കമ്യൂണിസ‌്റ്റ‌് സമരങ്ങളുടെ വേദിയായ പെരുമ്പള ഗ്രാമം ഉൾപ്പെടുന്ന കോളിയടുക്കത്താണ‌് മധ്യാഹ്നത്തിലെ ആദ്യ സ്വീകരണം. ചട്ടഞ്ചാലിലെ സ്വീകരണത്തിന‌് ശേഷം സ്ഥാനാർഥിയും സംഘവും ജില്ലയുടെ മലയോര കേന്ദ്രങ്ങളിലേക്ക‌്. കമ്യൂണിസ‌്റ്റ‌് പൈതൃകം നിറഞ്ഞുനിൽക്കുന്ന കോട്ടൂരിലും ഇരിയണ്ണിയിലും ബേത്തൂർപാറയിലും
ഹൃദയപൂർവമാണ‌് വരവേറ്റത‌്.
ഹൃദയപൂർവമാണ‌് വരവേറ്റത‌്.
നാട്യങ്ങളില്ലാത്ത നേതാവിന്റെ കരം ഗ്രഹിക്കാനും ഉറച്ച പിന്തുണ അറിയിക്കാനും ജനങ്ങൾ തിങ്ങിക്കൂടി. കോൺഗ്രസുകാരുടെയും ആർഎസ‌്എസിന്റെയും കൊലക്കത്തിക്കിരയായ രക്തസാക്ഷികളുടെ സ‌്മരണ തുടിക്കുന്ന മണ്ണിലേക്കാണ‌് സായാഹ്നത്തിൽ സ്ഥാനാർഥി എത്തിയത‌്.
കോൺഗ്രസുകാർ കൊലപ്പെടുത്തിയ ദാമോദരന്റെയും രവീന്ദ്രറാവുവിന്റെയും ഓർമകൾ ജ്വലിക്കുന്ന പാണ്ടിയിലും പള്ളഞ്ചിയിലും ആവേശകരമായിരുന്നു സ്വീകരണം. വീരേന്ദ്രൻ, നാരായണ നായ‌്ക്ക‌് എന്നീ രക്തസാക്ഷികളുടെ മണ്ണായ ചാമക്കൊച്ചിയിലും ആവേശ സ്വീകരണം. ബേത്തലത്തെ ബാലകൃഷ‌്ണൻ, ആർഎസ‌്എസുകാർ വധിച്ച മാനടുക്കത്തെ വിജയൻ, കോൺഗ്രസുകാർ കൊന്ന അപ്പച്ചൻ എന്നീ രക്തസാക്ഷികളുടെ അമരസ‌്മരണ നിറഞ്ഞ ബന്തടുക്ക മേഖലയും ആവേശസ്വീകരണം നൽകി.
മലയോരത്തെ കർഷകരുടെ പങ്കാളിത്തമാണ‌് ഈ മേഖലയിലെ സ്വീകരണത്തിന‌് ആവേശം പകർന്നത‌്. പടുപ്പ‌്, കുറ്റിക്കോൽ, മുന്നാട‌്, കാഞ്ഞിരത്തുങ്കാൽ, കുണ്ടംകുഴി എന്നിങ്ങനെ ചെങ്കൊട്ടകളിലെ പര്യടനം വിജയ വിളംബരം കുറിക്കുന്നതായിരുന്നു. രാത്രിയോടെ പെർളടുക്കത്താണ‌് സമാപിച്ചത‌്.
കെ കുഞ്ഞിരാമൻ എംഎൽഎ, കെ വി കുഞ്ഞിരാമൻ, സി ബാലൻ, ഇ പത്മാവതി, ടി കൃഷ‌്ണൻ, വി രാജൻ, സി രാമചന്ദ്രൻ, എം ഗൗരി, ജോൺ ഐമൻ, ഷാഫി സുഗിരി, പി രാമചന്ദ്രൻ നായർ, ടി വി കരിയൻ, മൊയ‌്തീൻകുഞ്ഞി കളനാട‌്, എം എ ലത്തീഫ‌്, മധു മുതിയക്കാൽ, തുളസീധരൻ, സുരേഷ‌് പുതിയേടത്ത‌്, സി വി ചന്ദ്രൻ, എ പി ഉഷ, പി കെ അബ്ദുൾ റഹ്മാൻ, പി രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.
No comments:
Post a Comment