Latest News

മലയോരത്തും തീരദേശത്തും ആവേശത്തിന്റെ അലയൊലി തീർത്ത‌് സതീഷ‌്ചന്ദ്രന്റെ ജൈത്രയാത്ര

നീലേശ്വരം: മലയോരത്തും തീരദേശത്തും ആവേശത്തിന്റെ അലയൊലി തീർത്ത‌് എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ ജൈത്രയാത്ര. തൃക്കരിപ്പൂർ നിയസഭാ മണ്ഡലത്തിലായിരുന്നു ബുധനാഴ‌്ചത്തെ പര്യടനം.[www.malabarflash.com]

സതീഷ‌്ചന്ദ്രൻ മണ്ഡലത്തിലെ എംഎൽഎയായിരുന്ന 1996 –- 2006 കാലം വികസന രംഗത്ത‌് കുതിച്ചുചാട്ടത്തിന്റെ നാളുകളായിരുന്നു. ഗതാഗത രംഗത്ത‌് വൻ കുതിപ്പുണ്ടാക്കിയ നിരവധി പാലങ്ങളും റോഡുകളുമാണ‌് ഇക്കാലത്ത‌് നിർമിച്ചത‌്. മറ്റു മേഖലകളിലുണ്ടായ മാറ്റവും എടുത്തുപറയാൻ നിരവധി. ഇതിന്റെയൊക്കെ ഗുണഫലം നേരിട്ടറിഞ്ഞ ജനത തങ്ങളുടെ വികസന നായകന‌് വീരോചിത വരവേൽപാണ‌് നൽകിയത‌്.
മത്സ്യത്തൊഴിലാളി മേഖലയായ തൈക്കടപ്പുറം അഴിത്തലയിൽ നിന്നായിരുന്നു ബുധനാഴ‌്ചത്തെ പര്യടനത്തുടക്കം. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ സ്വീകരിക്കാനെത്തി. കരുവാച്ചേരിയിൽ സ്ഥാനാർഥി എത്തിയപ്പോൾ സ്വീകരിക്കാനെത്തിയവരിൽ കോൺഗ്രസ‌് പ്രവർത്തകനായ ടി സുധാകരനും. 

 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നീലേശ്വരം നഗരസഭയിലേക്ക‌് കരുവാച്ചേരി വാർഡിൽനിന്ന‌് കോൺഗ്രസ‌് സ്ഥാനാർഥിയായി മത്സരിച്ചയാളാണ‌് സുധാകരൻ. പൊടോതുരുത്തിയിൽ സ്ഥാനാർഥി എത്തിയപ്പോൾ സ്വീകരിക്കാൻ ക്ഷേത്ര സ്ഥാനികർ ഉൾപ്പെടെ നിരവധി പേരെത്തി.
സ്വാതന്ത്യ സമരസേനാനിയും മുൻ എംഎൽഎയും കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന വി വി കുഞ്ഞമ്പുവിന്റെ സ‌്മരണ തുടിക്കുന്ന ചെറുവത്തൂരിലെ വി വി നഗറിൽ സ്ഥാനാർഥിയെത്തുമ്പോൾ എൽഡിഎഫ‌് മന്ത്രിസഭ നടപ്പാക്കിയ വാഗ‌്ദാനങ്ങൾ ഒന്നൊന്നായി അക്കമിട്ട‌് നിരത്തുകയാണ‌് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ ബാലകൃഷ‌്ണൻ. തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ കോൺഗ്രസും ബിജെപിയും നടത്തുന്ന കപട വാഗ‌്ദാനങ്ങളുടെ പൊള്ളത്തരവും അദ്ദേഹം തുറന്നുകാട്ടി. 

ജനാധിപത്യ മഹിളാ അസോസിയേഷൻ തുരുത്തി വില്ലേജ‌് കമ്മിറ്റിയുടെ ബാന്റ‌് സംഘത്തിന്റെ അകമ്പടിയോടെയാണ‌് സ്ഥാനാർഥിയെ കാരിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക‌് വരവേറ്റത‌്. നെല്ലിക്കാതുരത്തി കഴകം ക്ഷേത്ര സ്ഥാനികൻ രാഘവൻ വെളിച്ചപ്പാടനും സ്ഥാനികരും വരവേൽക്കാനെത്തിയവരിൽ മുൻനിരയിൽ.
ജില്ലയിലെ തീരമേഖലയിൽ വൻ കുതിപ്പിന‌് ഇടയാക്കിയ മടക്കര ഹാർബറിന്റെ പ്രവൃത്തി തുടങ്ങിയത‌് മുൻ എൽഡിഎഫ‌് സർക്കാരിന്റെ കാലത്താണ‌്. ഹാർബറിന‌് സമീപം കാവുഞ്ചിറയിൽ സ്ഥാനാർഥിയെത്തിയത‌് എൽഡിഎഫ‌് സർക്കാരിന്റെ മറ്റൊരു വികസന പ്രവൃത്തി നടക്കുന്ന മേഖയിലൂടെ. മടക്കര–- തുരുത്തി –-ഹാർബർ റോഡിന്റെ നിർമാണ പ്രവൃത്തിയാണ‌് ഇവിടെ പുരോഗമിക്കുന്നത‌്. അഞ്ച‌് കോടി രൂപയുടെ പദ്ധതിയാണിത‌്. 

 ജനങ്ങളുടെ മുമ്പിൽ എടുത്തുകാട്ടാൻ എൽഡിഎഫ‌് സർക്കാർ പ്രദേശത്ത‌് നടപ്പാക്കിയ വികസന പദ്ധതികൾ മാത്രം മതി. വിക്ടർ കിഴക്കേമുറി ബാന്റ‌് സംഘത്തിന്റെ അകമ്പടിയോടെയാണ‌് സ്ഥാനാർഥിയെ എതിരേറ്റത‌്.
കടലിന്റെ മക്കളെ ചേർത്തുപിടിച്ച മുഖ്യമന്ത്രിയാണ‌് കേരളം ഭരിക്കുന്നത‌്. 

പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കേന്ദ്രം തയ്യാറാകാതിരുന്നപ്പോൾ കടലിന്റെ മക്കളാണ‌് അവരെ മരണമുഖത്തുനിന്ന‌് ജീവിതത്തിലേക്ക‌് കൈപിടിച്ച‌ുയർത്തയത‌്. മത്സ്യത്തൊഴിലാളികളുടെ ആത്മാർപണം കണ്ട‌് മുഖ്യമന്ത്രി പറഞ്ഞു ഇതാ ഞങ്ങ‌ളുടെ സേനയെന്ന‌്. 

പടന്ന കടപ്പുറം ഇ കെ നായനാർ വായനശാല പരിസരത്ത‌് സ്ഥാനാർഥിയെത്തുമ്പോൾ ഐഎൻഎൽ നേതാവ‌് റിയാസ‌് അമലടുക്കത്തിന്റെ ആരെയും ആകർഷിക്കുന്ന പ്രസംഗം. സാധാരണക്കാരനായ സ്ഥാനാർഥിക്ക‌് കൂടി നിന്നവരോട‌് പറയാനുണ്ടായിരുന്നത‌് ഒരു ഉറപ്പുമാത്രം. നിങ്ങളിൽ ഒരാളായ നിങ്ങൾക്ക‌് വേണ്ടി എന്നും ഞാനുണ്ടാകും. 

മുമ്പ‌് രണ്ടു തവണ എംഎൽഎയും പാർടി ഭാരവാഹിയുമായിരുന്ന പ്രവർത്തനം വിനീതമായി ഓർമിപ്പിച്ചാണ‌് വോട്ട‌് അഭ്യർഥന. കാത്തുനിന്നവർക്ക‌് ചിരപരിചിതനാണ‌് സ്ഥാനാർഥി. അതിന്റെ ആവേശമാണ‌് സ്വീകരണങ്ങളിലെങ്ങും ഇരമ്പിയാർക്കുന്നത‌്.
പ്ലക്കാർഡും ബാനറും കൊടി തോരണങ്ങളുമായി ബാലസംഘം കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ‌് ഇടയിലക്കാട‌് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത‌്. ക്ഷേമ പെൻഷൻ കിട്ടിയതിന്റെ ആഹ്ലാദവുമായാണ‌് ഇടയിലക്കാട്ടെ കാർത്യായനി സതീഷ‌്ചന്ദ്രനെ സ്വീകരിക്കാനെത്തിയത‌്.
മുസ്ലിംലീഗ‌് സ്വാധീന കേന്ദ്രമായ ബീരിച്ചേരിയിൽ സിപിഐ എമ്മിന്റെ ഒരു പരിപാടി സംഘടിപ്പിക്കുന്നത‌് ചരിത്രത്തിൽ ഇതാദ്യം. സിപിഐ എമ്മിന്റെ കൊടി തോരണങ്ങൾ പകൽ സമയത്തും പോലും ലീഗുകാർ പരസ്യമായി നശിപ്പിക്കുന്ന കേന്ദ്രം. ലീഗിൽ നിന്ന‌് രാജിവച്ച‌് അമ്പതിലേറെ പ്രവർത്തകരാണ‌് അടുത്ത കാലത്ത‌് ഇവിടെ സിപിഐ എമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത‌്. നട്ടുച്ച നേരത്തും ഇവിടെ ലഭിച്ചത‌് ആവേശകരമായ വരവേൽപ‌്. പഴയകാല കോൺഗ്രസ‌് പ്രവർത്തകൻ കെ ഭാസ‌്കരൻ സ്ഥാനാർഥിയെ ബൊക്ക നൽകി സ്വീകരിച്ചു. 

മാണിയാട്ട‌് വിജ്ഞാനദായിനി വായനശാലയിൽ നൂറിലേറെ പേരാണ‌് സ്വീകരിക്കാനെത്തിയത‌്. കാലിക്കടവിൽ ബൈക്കുകളുടെ അകമ്പടിയോടെ പ്രിയ സ്ഥാനാർഥിയെ എതിരേറ്റു. ആർഎസ‌്എസുകാർ കൊലപ്പെടുത്തിയ രക്തസാക്ഷി പുത്തിലോട്ടെ ടി കെ ഗംഗാധരന്റെ സ‌്മൃതി മണ്ഡപത്തിൽ പുഷ‌്പാർച്ചന നടത്തിയാണ‌് സ്വീകരണ കേന്ദ്രത്തിലെത്തിയത‌്. 

എം രാജഗോപാലൻ എംഎൽഎ, കെ ബാലകൃഷ‌്ണൻ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, പി ആർ ചാക്കോ, കെ പി വത്സലൻ, പി ശ്യാമള, എം ശാന്ത, ടി വി ശാന്ത, ഇ കുഞ്ഞിരാമൻ, കെ സുധാകരൻ, ടി കെ രവി, എ അപ്പുക്കുട്ടൻ, സി പി ബാബു, പി ഭാർഗവി, മുകേഷ‌് ബാലകൃഷ‌്ണൻ, കൈപ്രത്ത‌് കൃഷ‌്ണൻ നമ്പ്യാർ, ഇ നാരായണൻ, എൻ പി ദാമോദരൻ, പി വി ഗോവിന്ദൻ, ഇ ചന്ദ്രൻ, ടി വി ബാലകൃഷ‌്ണൻ, വി വി കൃഷ‌്ണൻ, റിയാസ‌് അമലടുക്കം, ഇക‌്ബാൽ പോപ്പുലർ, റസാഖ‌് പുഴക്കര, സുരേഷ‌് പുതിയേടത്ത‌്, രാജീവൻ പുതുക്കളം, പി ടി നന്ദകുമാർ, എ കെ ഷാലു, രാമചന്ദ്രൻനായർ പെരിയ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.