Latest News

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് കൊടിയേറി

ഉദുമ: പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രം ഭരണി ഉത്സവത്തിന് കൊടിയേറി. ഇതിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് അലംകൃതമായ ആനപ്പന്തല്‍ ക്ഷേത്രനടയില്‍ ഉയര്‍ത്തി. രാത്രി 9മണിയോടെ ആചാര കര്‍മങ്ങള്‍ക്കുശേഷം കെട്ടിച്ചുറ്റി തിടമ്പുകളും തിരുവായുധങ്ങളും മേലാപ്പും കുടയും കൊടിയുമായി ഭണ്ഡാരവീട്ടില്‍ നിന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു.[www.malabarflash.com]

ശുദ്ധികര്‍മങ്ങളും കലശാട്ടും കൊടിയിലവെക്കലും കഴിഞ്ഞ് തിടമ്പും നര്‍ത്തകന്മാരും ക്ഷേത്രപ്രദക്ഷിണം നടത്തി ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ക്ഷേത്ര മുഖ്യകാര്‍മ്മി സുനീഷ് പൂജാരി ഭരണി ഉത്സവത്തിന് കൊടിയേറ്റി. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ് യു എ ഇ കമ്മിറ്റിയുടെയും വക ആചാരവെടിക്കെട്ട് ഉണ്ടായിരുന്നു. 
ഭൂതബലി ഉത്സവ ദിവസമായ ഞായറാഴ്ച തൃക്കണ്ണാട് ക്ഷേത്ര സമിതിയുടെ ഭജന, ലളിതാ സഹസ്രനാമ പാരായണം, ഭൂതബലിപാട്ട്, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി,  ഭൂതബലി ഉത്സവം തുടങ്ങിയ പരിപാടികൾ നടന്നു.  

നാലാം തീയ്യതി തിങ്കളാഴ്ച താലപ്പൊലി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലി. രണ്ടിന് തെക്കേക്കര പള്ളം അയ്യപ്പ മന്ദിരം സംഘത്തിന്റെ ഭജന, നാലിന് ലളിതാ സഹസ്രനാമ പാരായണം, രാത്രി എട്ടിന് കഴകം ഭഗവതി ക്ഷേത്ര പൂരക്കളിസംഘത്തിന്റെ പൂരക്കളി, 10.30ന് കണ്ടങ്കാളി ഗ്രാമിക പയ്യന്നൂര്‍ അവതരിപ്പിക്കുന്ന പാലന്തായി കണ്ണന്‍ നാടകം. പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവം.

അഞ്ചാം തീയ്യതി ചൊവ്വാഴ്ചയാണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. രാവിലെ ഏഴിന് ഉത്സവബലി.

രണ്ടിന് പാലക്കുന്ന് കഴകം ക്ഷേത്ര സമിതിയുടെ ഭജന, നാലിന് സംഗീതാര്‍ച്ച, അഞ്ചിന് ലളിതാ സഹസ്രനാമപാരായണം, എട്ടിന് പൂരക്കളി, 10.30ന് ഉദുമ പടിഞ്ഞാര്‍ തിരുമുല്‍കാഴ്ചയ്ക്കു ശേഷം 11.15ന് ബേവൂരി പ്രദേശ്, 12ന് പള്ളിക്കര തണ്ണീര്‍പുഴ, 12.45ന് മംഗളൂര്‍, 1.30ന് കളനാട് വടക്കേക്കര പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് തിരുമുല്‍കാഴ്ചകള്‍ സമര്‍പ്പിക്കും. 

2.30ന് ഉത്സവബലി ആരംഭിക്കും. നാല് മണിയോടെ ആയിരത്തിരി എഴുന്നള്ളത്ത് ഭണ്ഡാര വീട്ടില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യും. ആയിരത്തിലധികം ദീപങ്ങള്‍ ആ സമയത്ത് ക്ഷേത്രത്തില്‍ പ്രകാശം ചൊരിയും. ആറിന് രാവിലെ 6.30ന് കൊടിയിറക്കത്തിന് ശേഷം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

ഉത്സവം പ്രമാണിച്ച് മാര്‍ച്ച് അഞ്ചിന് വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും പ്രത്യേക സര്‍വീസ് നടത്തുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു. 

അഞ്ചിനും, ആറിനും പരശുരാം എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്സ്, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ഭരണി മഹോത്സവത്തിന്റെ ക്രമസമാധാന ചുമതലകള്‍ക്കും മറ്റുമായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് ജില്ലാ പൊലീസ് നേതൃത്വം തയ്യാറെടുത്തു കഴിഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.