ഉദുമ: ആദ്യമായി വയനാട്ടുകുലവൻ തെയ്യംകെട്ട് നടക്കുന്ന ഉദുമ തെക്കേക്കര പുതിയപുര തറവാട്ടിൽ ഉത്സവത്തിന് മുന്നോടിയായി കൂവം അളക്കൽ നടന്നു. ഞായറാഴ്ച്ച രാത്രി 7.34നും 8.34നും മധ്യേ നടന്ന ചടങ്ങിന് നൂറുകണക്കിന് വിശ്വാസികൾ സാക്ഷ്യം വഹിച്ചു.മുന്നോടിയായി മറൂട്ടും നടന്നു.[www.malabarflash.com]
കുണ്ടംകുഴി പഞ്ചലിങ്കേശ്വര ക്ഷേത്രത്തിലേക്കും, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്കും, കോട്ടപ്പാറ കുഞ്ഞിക്കോരൻ തറവാട്ടിലേക്കും 21 ഇടങ്ങഴി വീതവും, കീഴൂർ ധർമ്മ ശാസ്താ, ഉദയമംഗലം മഹാവിഷ്‌ണു, അച്ചേരി മഹാവിഷ്ണു, മുക്കുന്നോത്ത് കാവ് ഭഗവതി, പനയാൽ പഞ്ചലിങ്കേശ്വര തുടങ്ങി ഇരുപതോളം ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവും കൂവം അളന്നു.
60 പറ നെല്ല് ഇതിനായി വേണ്ടി വന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം തുടങ്ങി സമീപത്തെ മറ്റ് ആരാധനാലയങ്ങളിലേക്ക് എണ്ണയും നൽകും. വലിയൊരു മഹോത്സവം നടക്കുമ്പോൾ സമീപ പ്രദേശങ്ങളിലെ ദേവീദേവന്മാരെയും ആരാധനമൂർത്തികളെയും പ്രീതിപ്പെടുത്തുകയെന്നതാണ് കൂവം അളക്കൽ ചടങ്ങുകൊണ്ടു ഉദ്ദേശിക്കുന്നത് .
തറവാട്ട് കാരണവരുടെയും അംഗങ്ങളുടെയും വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനീകരുടെയും ഭാരവാഹികളുടെയും പ്രാദേശിക സമിതി ഭാരവാഹികളുടെയും ആഘോഷ കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് അതിപ്രധാനമായ കൂവം അളക്കൽ ചടങ്ങു് നടന്നത്.
ഭാരവാഹികളായ സി.എച്ച്.നാരായണൻ,കെ.ബാലകൃഷ്ണൻ, പള്ളം കുഞ്ഞിരാമൻ, ശ്രീധരൻ പള്ളം, പി.വി.ചിത്രഭാനു, ഗോപു തല്ലാണി തുടങ്ങിയർ നേതൃത്വം നൽകി.
No comments:
Post a Comment