Latest News

കാസര്‍കോട്ടെത്തുമ്പോള്‍ കുറി മായ്ച ഉണ്ണിത്താന്‍ പൊന്നാനിയില്‍ മത്സരിച്ചാല്‍ എന്തു ചെയ്യും; ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ പ്രസംഗം വിവാദമാകുന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം വൈറലാകുന്നു.[www.malabarflash.com]

വോട്ടിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഉണ്ണിത്താന്‍ തന്റെ ഐഡന്റിറ്റി ആയ നെറ്റിയിലെ കുറി കാസര്‍കോട്ടെത്തിയപ്പോള്‍ മായ്ച്ചു കളഞ്ഞത് മുസ്‌ലിംലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്. അതേ സമയം ഉണ്ണിത്താന്‍ പൊന്നാനിയിലാണ് മത്സരിക്കുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നുവെന്ന ശ്രീകാന്തിന്റെ ചോദ്യമാണ് വൈറലായിരിക്കുന്നത്. 

കുറി മായ്‌ച്ചെങ്കിലും കാസര്‍കോട്ടെത്തുമ്പോള്‍ മുണ്ട് വലത്തോട്ട് തന്നെ ഉടുത്തിട്ടുണ്ട്. എന്നാല്‍ പൊന്നാനിയിലാണ് മത്സരിക്കുന്നതെങ്കില്‍ മുണ്ട് ഇടത്തോട്ട് ഉടുക്കുക മാത്രമല്ല, മറ്റുചിലത് കൂടി ചെയ്യുമായിരുന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു. 

ബദിയടുക്കയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് അഡ്വ. കെ ശ്രീകാന്ത് ഉണ്ണിത്താനെതിരെ ഈ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഉണ്ണിത്താന്റെ ഈ ഇരട്ടത്താപ്പ് കൊണ്ട് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കുടുംബ പാരമ്പര്യമുള്ള കോണ്‍ഗ്രസുകാര്‍ ആലോചിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

ശബരിമല സംരക്ഷണത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ എന്ത് അവകാശമാണ് ഉണ്ണിത്താനുള്ളത്. ടെലിവിഷനിലെ പാതിരാ ചര്‍ച്ചകളില്‍ കുറി വലിച്ചിരുന്ന് അധരവ്യായാമം നടത്തുക മാത്രമാണ് ഉണ്ണിത്താന്‍ ചെയ്തത്. എന്നാല്‍ ശബരിമല സംരക്ഷണത്തിനു വേണ്ടി പോരാട്ടം നടത്തിയത് ബിജെപിയും ആര്‍എസ്എസും സംഘപരിവാര്‍ ശക്തികളും അയ്യപ്പസേവാ സംഘവുമാണെന്നും ശ്രീകാന്ത് പറഞ്ഞു. 

പാര്‍ട്ടി ഓഫീസുകള്‍ക്കു വേണ്ടി ആറുകോടി മുടക്കിയ പി കരുണാകരന്‍ എംപി കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ കാസര്‍കോടിന്റെ വടക്കന്‍ മേഖലകളിലേക്ക് 60 രൂപയുടെ വികസന പ്രവര്‍ത്തിപോലും നടപ്പിലാക്കിയിട്ടില്ലെന്ന ബോധവും വോട്ടര്‍മാര്‍ക്കുണ്ടാകണമെന്നും ശ്രീകാന്ത് ഓര്‍മ്മിപ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.