Latest News

വ്യാജ റസീറ്റ് ഉപയോഗിച്ച് ക്ലര്‍ക്ക് പണം തട്ടിയ സംഭവത്തില്‍ മൊഴി നല്‍കാനെത്തിയ പഞ്ചായത്ത് സെക്രട്ടറി പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു

ബേക്കല്‍: വ്യാജ റസീറ്റ് ബുക്കുപയോഗിച്ച് യുഡി ക്ലര്‍ക്ക് പണം തിരിമറി നടത്തിയ കേസില്‍ മൊഴി നല്‍കാനെത്തിയ പഞ്ചായത്ത് സെക്രട്ടറി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു.[www.malabarflash.com] 

പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി തിരുവക്കോളി സ്വദേശി ബി സുകുമാരനാണ് ബുധനാഴ്ച രാവിലെ മൊഴി നല്‍കുന്നതിനിടയില്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ പോലീസുദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിക്കര പഞ്ചായത്തില്‍ യുഡി ക്ലര്‍ക്കായിരുന്ന പയ്യന്നൂര്‍ സ്വദേശി ബിജു പണം തിരിമറി നടത്തിയ കേസില്‍ മൊഴി രേഖപ്പെടുത്താനാണ് സുകുമാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. മൊഴി നല്‍കുന്നതിനിടയിലാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. 

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കും മറ്റുമായി പഞ്ചായത്തിലെത്തുന്ന അപേക്ഷകരില്‍ നിന്നും പണംവാങ്ങി പഞ്ചായത്ത് ട്രഷറിയില്‍ അടക്കാതെ വ്യാജ രശീതി ഉപയോഗിച്ച് പെര്‍മിറ്റ് നല്‍കിയതായി പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് രണ്ട് വിഭാഗം കണ്ടെത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപ ബിജു തട്ടിയെടുത്തു എന്നാണ് കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് ബിജുവിനെ എന്‍മകജെ പഞ്ചായത്തിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. പെര്‍ഫോമന്‍സ് ഓഡിറ്റിന്റെ പരിശോധനക്ക് പിറകെ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലും ക്രമക്കേടുകള്‍ ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ക്ലര്‍ക്ക് ബിജുവിനും ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡിഡിപി നിര്‍ദ്ദേശിച്ചു. 

ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് സെക്രട്ടറി സുകുമാരനെ ബുധനാഴ്ച രാവിലെ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. മൊഴി നല്‍കുന്നതിനിടെ സുകുമാരന്‍ കുഴഞ്ഞുവീഴുകയും ചെയ്തു. പള്ളിക്കരയില്‍ ജോലി ചെയ്യുന്നതിന് മുമ്പ് ബിജു വലിയപറമ്പ, ചീമേനി, ബദിയടുക്ക എന്നീ പഞ്ചായത്തുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഇവിടെയൊക്കെയും ബിജു സമാന രീതിയില്‍ ക്രമക്കേട് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ബിജു ജോലി ചെയ്ത പഞ്ചായത്തുകളില്‍ വിശദമായ അന്വേഷണം നടത്താനും പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തോട് ഡിഡിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഇപ്പോള്‍ എന്‍മകജെ പഞ്ചായത്ത് യുഡി ക്ലര്‍ക്കായി ജോലി ചെയ്തുവരികയാണ് ബിജു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകും. പള്ളിക്കര പഞ്ചായത്തില്‍ നിന്ന് തട്ടിയെടുത്ത പണം ബിജു ഇതിനോടകം തിരിച്ചടച്ചിട്ടുണ്ട്. 

ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകനായതിനാല്‍ ഡിപ്പാര്‍ട്ട്‌മെന്റ്തല നടപടിയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനിടെയാണ് ക്രിമിനല്‍ കേസും വരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.