ഇരിട്ടി: 10 വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ പെരുമണ്ണ് വാഹനാപകടത്തില്‍ ഡ്രൈവറെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ച മലപ്പുറം സ്വദേശി അബ്ദുള്‍ കബീറിനെയാണ് കോടതി ശിക്ഷിച്ചത്.[www.malabarflash.com]
2008 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടം നടന്ന് പത്തു വര്‍ഷത്തിനു ശേഷമാണ് ഡ്രൈവറെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധിയെത്തിയത്. പെരുമണ്ണ് നാരായണ വിലാസം എല്‍പി സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ് 2008 ഡിസംബര്‍ നാലിന് വൈകീട്ടുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തിനിരയായത്.
അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുരുന്നുകളുടെ ഓര്‍മയ്ക്കായി വിദ്യാര്‍ഥികളുടെ മൃതദേഹം സംസ്‌കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ നാട്ടുകാര്‍ മുന്‍കൈ എടുത്ത് സ്മൃതി മണ്ഡപം നിര്‍മിച്ചിട്ടുണ്ട്.
കബീറിനെതിരേ ഇരിക്കൂര്‍ പോലിസ് മനപൂര്‍വ്വമല്ലാതെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്.അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. പത്ത് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ പത്ത് വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ, ഓരോ ലക്ഷം രൂപ വീതം മരിച്ച പത്ത് കുട്ടികളുടെ കുടുംബത്തിനും നല്‍കണം. ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പത്ത് വര്‍ഷമാണ് തടവ് അനുഭവിക്കേണ്ടത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
No comments:
Post a Comment