Latest News

രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി; റിബല്‍ ഭീഷണിയില്‍ നിന്നും ഷാനവാസ് പിന്മാറി

കാസര്‍കോട്: മുന്‍ ധാരണയനുസരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന് ലഭിക്കാന്‍ ഡി സി സി പ്രസിഡണ്ട് താല്‍പ്പര്യമെടുക്കുന്നില്ലെന്നാരോപിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ റിബലായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ പിന്മാറി.[www.malabarflash.com]

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കുമെന്നായിരുന്നു ഷാനവാസ് അറിയിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയതിന് ശേഷമാണ് പത്രിക നല്‍കുന്നതില്‍ നിന്നും അദ്ദേഹം പിന്മാറിയത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നും ഷാനവാസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും ഉറപ്പുനല്‍കിയതിന് ശേഷമാണ് ഷാനവാസ് പിന്‍മാറാന്‍ തയ്യാറായത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാല് വീതം സീറ്റുകളോടെയാണ് ലീഗ് - കോണ്‍ഗ്രസ് സഖ്യം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണത്തിലേറിയത്. ആദ്യത്തെ രണ്ടര വര്‍ഷം ലീഗും അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനം കയ്യാളാമെന്നായിരുന്നു സംസ്ഥാന തലത്തില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ധാരണ അനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ചാണ് ഷാനവാസ് മത്സരിക്കാനൊരുങ്ങിയത്.
ആകെയുള്ള 17 സീറ്റില്‍ ഏഴ് സീറ്റ് ഇടതുമുന്നണിയും ലീഗ് നാലും കോണ്‍ഗ്രസ് നാലും രണ്ടെണ്ണത്തില്‍ ബിജെപിയും വിജയിച്ചിരുന്നു. ഇതോടെയാണ് എട്ട് സീറ്റുമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. 

സംസ്ഥാനതലത്തിലുണ്ടാക്കിയ ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗിലെ എ ജി സി ബഷീര്‍ പ്രസിഡണ്ടാവാനും, തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഷാനവാസ് പാദൂരിന്റെ പിതാവുമായ പാദൂര്‍ കുഞ്ഞാമു ഹാജി പ്രസിഡണ്ട് സ്ഥാനം വഹിക്കാനുമാണ് ധാരണയുണ്ടാക്കിയത്. എന്നാല്‍ കാലാവധിക്ക് മുമ്പ് പാദൂര്‍ കുഞ്ഞാമുഹാജി മരണപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ഷാനവാസ് പാദൂര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ പിതാവ് വഹിച്ചിരുന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ശക്തമായ സമ്മര്‍ദം കാരണമാണ് ഷാനവാസിന് ലഭിച്ചിരുന്നത്.
എന്നാല്‍ മുന്‍ ധാരണയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന് ലഭിക്കാന്‍ ഡി സി സി പ്രസിഡണ്ട് താല്‍പ്പര്യമെടുക്കുന്നില്ലെന്നാണ് ഷാനവാസ് പാദൂര്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് കെ പി സി സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും പാര്‍ട്ടിക്കു വേണമെങ്കില്‍ ആരെ വേണമെങ്കിലും പ്രസിഡണ്ടാക്കാമെന്നുമാണ് ഷാനവാസിന്റെ നിലപാട്. ഇനി ഒന്നര വര്‍ഷത്തില്‍ താഴെ മാത്രമാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധിയുള്ളത്.
തനിക്കും തന്റെ പിതാവിനും പാര്‍ട്ടിയില്‍ നിന്നുണ്ടായ കൈപ്പേറിയ അനുഭവം പൊതുജനങ്ങളോട് പറയാനും ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് തിരിച്ചുകിട്ടാത്തതിന്റെ കാരണം ജനങ്ങളെ അറിയിക്കാനുമാണ് ഷഹനവാസ് മത്സരിക്കാനൊരുങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.