Latest News

യു.പിയില്‍ കോണ്‍ഗ്രസ്സിന്റെ കാവി രാഷ്ട്രീയം ബി.ജെ.പിയെ കടത്തിവെട്ടി

ലഖ്‌നൗ: കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ നെറ്റിചുളിക്കുന്നവര്‍ യു.പിയിലെ ഈ കാഴ്ചയും ഒന്നു കാണണം.[www.malabarflash.com]

യു.പി തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണ കാവി പടയെ തോല്‍പ്പിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പു വരുത്തുമെന്നും മുന്‍ പ്രധാനമന്ത്രി വാജ് പേയിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

ഇന്ദിരാഗാന്ധിയുടേയോ രാജീവ് ഗാന്ധിയുടേയോ പ്രതിമ സ്ഥാപിക്കുമെന്നാണ് പറയുക എന്ന് കരുതിയ അനുയായികള്‍ ബി.ജെ.പി നേതാവിന്റെ പ്രതിമ സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് കേട്ടത്.

ലഖ്‌നൗവിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് പ്രഖ്യാപനങ്ങളും ഉണ്ടായത്.

യു.പിയില്‍ തീവ്രഹിന്ദുത്വ വികാരം ഉയര്‍ത്തി വോട്ട് തട്ടാനുള്ള കോണ്‍ഗ്രസ്സ് അജണ്ടയാണ് ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

ബി.ജെ.പിക്ക് എതിരെ പോരാടുന്ന എസ്.പി-ബി എസ്.പി സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസ്സ് ഒറ്റക്കാണ് ഇവിടെ മത്സരിക്കുന്നത്. യു.പി യിലെ 80 സീറ്റുകളില്‍ 73 ലും മത്സരിക്കുന്ന കോണ്‍ഗ്രസ്സ് നിലപാട് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തല്‍ ഉണ്ടായിട്ടും രാഹുലോ പ്രിയങ്കയോ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. മതേതര സഖ്യത്തെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന നിലപാടാണിത്.

ഇവിടെ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിലാണ് ബി.ജെ.പിയുടെ സകല പ്രതീക്ഷയും. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും കോണ്‍ഗ്രസ് നിലപാടുകളെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയുമായി ഒരു വ്യത്യാസവുമില്ലെന്നും മഹാസഖ്യത്തിനെതിരായി ഈ രണ്ട് പാര്‍ട്ടികളും ഒത്തുകളിയ്ക്കുകയാണെന്നും ഇരു നേതാക്കളും തുറന്നടിക്കുന്നു.

മൃദുഹിന്ദുത്വത്തില്‍നിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് കോണ്‍ഗ്രസും വഴിമാറുകയാണോ എന്ന സംശയം യുപിയിലെ കോണ്‍ഗ്രസ് പ്രചരണം കണ്ടാല്‍ ആര്‍ക്കും തോന്നും. ലഖ്‌നൗവിലെ സ്ഥാനാര്‍ത്ഥി ആചാര്യ പ്രമോദ് കൃഷ്ണത്തിന്റെ വാക്കുകള്‍ തന്നെയാണ് പ്രധാന ഉദാഹരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം രാമക്ഷേത്രത്തിനായി വീറോടെ വാദിച്ചത്. ലഖ്‌നൗവിലെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ആചാര്യ കുറ്റപ്പെടുത്തുന്നു.

പടിഞ്ഞാറന്‍ യുപിയിലെ സംഭാലിലുള്ള കല്‍ക്കിദാം പീഠാധീശ്വറാണ് ആചാര്യ പ്രമോദ് കൃഷ്ണത്തിന്റെ തട്ടകം. കല്‍ക്കി ഭഗവാന്‍ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനാണ് ഇദ്ദേഹം. കലിയുഗം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ഭഗവാന്‍ കല്‍ക്കി ഈ ക്ഷേത്രത്തില്‍ അവതരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ആള്‍ ദൈവമായി അറിയപ്പെടുന്ന ആചാര്യ 2014ല്‍ സംഭാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നെങ്കിലും 16,000 വോട്ടുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. അയോധ്യാ തര്‍ക്കം കോടതിയില്‍ പരിഹരിക്കേണ്ടതല്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തുടക്കമിടുമെന്നും ആചാര്യ പറയുന്നു. രാമക്ഷേത്രം ബിജെപി തെരഞ്ഞെടുപ്പ് അജണ്ടയാക്കി. പക്ഷേ, ജനങ്ങളെ വഞ്ചിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭൂരിപക്ഷമുണ്ടായിട്ടും ക്ഷേത്രം നിര്‍മിച്ചില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.

വാജ്‌പേയിയെയും ബിജെപി വേണ്ട വിധം ആദരിച്ചില്ലെന്ന് അഭിപ്രായവും ആചാര്യയ്ക്കുണ്ട്. ‘അഞ്ചുവട്ടം വാജ്‌പേയി പ്രതിനിധീകരിച്ച മണ്ഡലമാണ് ലഖ്‌നൗ. അദ്ദേഹത്തിന്റെ കൂറ്റന്‍ പ്രതിമ താന്‍ ഇവിടെ നിര്‍മിക്കും. ലഖ്‌നൗവിലെ ക്ഷേത്രങ്ങളുടെ നില പരിതാപകരമാണ്. പൊട്ടിയൊഴുകുന്ന അഴുക്കുചാലുകളും മാലിന്യക്കൂമ്പാരവുമാണ് എവിടെയും. ക്ഷേത്രങ്ങള്‍ വേണ്ടവിധം ബിജെപി സംരക്ഷിക്കുന്നില്ല, ഇതിനൊരു മാറ്റം വന്നേ തീരൂ’ എന്നും നയം വ്യക്തമാക്കി ആചാര്യ പറയുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്ന വിവിഐപി മണ്ഡലമാണ് ലഖ്‌നൗ. മഹാസഖ്യ സ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയുമുണ്ട്. 1984 വരെ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലത്തില്‍ 1991 മുതല്‍ ബിജെപിയാണ് ജയിക്കുന്നത്.

1977ല്‍ ലോക്ദളും 1989ല്‍ ജനതാദളും ജയിച്ചു. 1991 മുതല്‍ അഞ്ചുവട്ടം ജയിച്ച വാജ്‌പേയി 1957 ലും 1962 ലും ഇവിടെ തോറ്റിട്ടുമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നര ലക്ഷത്തിലേറെ വോട്ടിനാണ് രാജ്‌നാഥ് സിങ് വിജയിച്ചത്.

സിങ്ങിനോട് തോറ്റ കോണ്‍ഗ്രസിന്റെ റിത ബഹുഗുണ ജോഷി ഇപ്പോള്‍ ബിജെപിയിലാണ്. പിസിസി പ്രസിഡന്റായിരുന്ന റിത നിലവില്‍ ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമാണ്. ഒന്നര ലക്ഷത്തോളംവരുന്ന പഞ്ചാബി-സിന്ധി വോട്ടുകള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് പൂനം സിന്‍ഹയെ മഹാസഖ്യം സ്ഥാനാര്‍ഥിയാക്കിയത്. ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ രാജ്‌നാഥിന് വെല്ലുവിളി ഉയര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍. പ്രമോദ് കൃഷ്ണവും ന്യൂനപക്ഷ വോട്ടുകള്‍ക്കായി കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

മണ്ഡലത്തിലെ മൂന്നുലക്ഷത്തോളം വരുന്ന ഷിയാ വോട്ടുകളിലും ലഖ്‌നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് കണ്ണുണ്ട്. പ്രവാചകന്‍ മുഹമ്മദിന്റെ പിന്തുടര്‍ച്ചക്കാരനായി ഷിയാകള്‍ വിശ്വസിക്കുന്ന ഹസ്രത്ത് അലിയുടെ ആരാധകനാണ് താനെന്ന് ആചാര്യ പ്രമോദ് കൃഷ്ണം അവകാശപ്പെടുന്നു. ഹസ്രത്ത് അലിയെ ആചാര്യ പ്രകീര്‍ത്തിക്കുന്ന യൂട്യൂബ് വീഡിയോകള്‍ കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

വാജ്‌പേയിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷിയാകള്‍ ലഖ്‌നൗവില്‍ ബിജെപിക്കാണ് കാലങ്ങളായി വോട്ടുചെയ്തിരുന്നത്. എന്നാല്‍, ആദിത്യനാഥ് സര്‍ക്കാര്‍ വന്നതോടെ നിലപാടില്‍ ശരിക്ക് മാറ്റമുണ്ടായിട്ടുണ്ട്.

യുപിയിലേത് അലിയും ബജ്‌രംഗബലിയുമായുള്ള ഏറ്റുമുട്ടലാണെന്നും വിജയം ബജ്‌രംഗ ബലിക്കായിരിക്കുമെന്നും ആദിത്യനാഥ് കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു. ബിജെപിക്ക് ഇത്തവണ വോട്ടുനല്‍കില്ലെന്ന് ഷിയാ നേതാക്കളും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന യു.പിയില്‍ പൊടി പാറുന്ന മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. വോട്ട് കിട്ടാന്‍ എന്ത് തറവേല കാണിക്കാനും ഇവിടെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും തയ്യാറാണ്. സെക്യുലര്‍ പാരമ്പര്യം പിന്തുടരുന്നു എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് തന്നെ ഇവിടെ കാവിയില്‍ മുങ്ങുന്നത് ആ പാര്‍ട്ടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.