Latest News

കള്ളവോട്ട്: പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാനാകില്ല; മീണയുടെ ശിപാര്‍ശ തള്ളി തിരഞ്ഞെടുപ്പു കമ്മീഷന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സി പി എമ്മിലെ എന്‍ പി സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പു ഓഫീസറുടെ ശിപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി.[www.malabarflash.com]

ആള്‍മാറാട്ടവും കള്ളവോട്ടും ഗൗരവതരമായ പെരുമാറ്റ ദൂഷ്യമാണെന്നും അതിനാല്‍ സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കണമെന്നുമായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശിപാര്‍ശ. എന്നാല്‍, ഇത്തരം കേസുകളില്‍ കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാനാകൂവെന്ന് കമ്മീഷന്‍ മറുപടി നല്‍കുകയായിരുന്നു. 

മാത്രമല്ല, പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കുന്നതിന് കമ്മീഷനോട് ശിപാര്‍ശ ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയിലെയും കേരള പഞ്ചായത്ത് രാജ് ആക്ടിലെയും വ്യവസ്ഥകള്‍ പ്രകാരം അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനാണ്. എങ്കില്‍ തന്നെയും പഞ്ചായത്ത് അംഗങ്ങലെ അയോഗ്യരാക്കുന്ന നടപടി സ്വമേധയാ സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‌ സാധിക്കില്ല.

ബന്ധപ്പെട്ട പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട, വോട്ട് ചെയ്യാന്‍ അവകാശമുള്ള ഒരു വ്യക്തി കേസ് നല്‍കുകയോ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമ്മീഷന്‍ മുമ്പാകെ റഫറന്‍സ് നല്‍കുകയോ വേണം. അതേസമയം, ഇത്തരമൊരു റഫറന്‍സ് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടില്ലെന്നും കമ്മീഷന്‍ വെളിപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.