Latest News

കാസര്‍കോട്‌ ഐ എസ് കേസ്: റിയാസിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: കാസര്‍കോട്‌ ഐ എസ് കേസുമായി ബന്ധപ്പെട്ട് അറസറ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് സ്വദേശി റിയാസ് അബുബക്കറിനെ അഞ്ചു ദിവസത്തേക്ക് എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.[www.malabarflash.com]

കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയാണ് ഈ മാസം 10 ാം തിയതി വൈകുന്നേരം മൂന്നു മണിവരെ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 

കള്ളക്കേസാണെന്നും എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ഇനിയും വിട്ടു നല്‍കേണ്ടതില്ലെന്നും റിയാസിനു വേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും കേസില്‍ കുടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമായതിനാല്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ 29 നാണ് റിയാസിനെ എന്‍ ഐ എ അറസ്റ്റു ചെയ്യുന്നത്. 2016ല്‍ കാസര്‍കോട്‌ നിന്ന് 15 യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.ഇയാള്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തതെന്നായിരുന്നു എന്‍ ഐ എയുടെ വിശദീകരണം.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനെന്നു പറയപ്പെടുന്ന സഹ്റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസെന്നും സഹറാന്‍ ഹാഷിമിന്റെ പ്രസംഗ വീഡിയോകള്‍ കേള്‍ക്കാറുണ്ടെന്ന് റിയാസ് സമ്മതിച്ചതായും എന്‍ഐഎ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലരുമായി ഓണ്‍ലൈന്‍ വഴി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് റിയാസ് സമ്മതിച്ചതായും എന്‍ ഐ എ പറഞ്ഞിരുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.