Latest News

കാണികള്‍ക്ക് ദൃശ്യവിസ്മയമായി ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ

ഉദുമ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പാരമ്പര്യ - നാടോടി തനത് നൃത്തരൂപങ്ങള്‍ ഓരോന്നായി വര്‍ണ്ണാഭമായി നൃത്തമായി അവതരിപ്പിച്ച നൃത്ത വിരുന്ന് - ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ കാണികള്‍ക്ക് വിസ്മയ കാഴ്ചയായി.[www.malabarflash.com] 

നാടോടി നൃത്തങ്ങളും, നാടകങ്ങളും ഒന്നിച്ചു കാണാനുള്ള അവസരം ഒരുക്കിയത് ഉദുമ കണ്ണിക്കുളങ്ങര കലാ- കായിക സാംസ്‌കാരിക വേദിയുടെ കുട്ടികളുടെ തിയറ്റര്‍ 'പാഠശാല'യാണ്. 

ഉദുമയുടെ പരിസര പ്രദേശങ്ങളിലെ അറുപതിലധികം വരുന്ന കലാകാരന്മാരും കലാകാരികളുമാണ് ഉദുമ ടൗണിലെ അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ തുറന്ന വേദിയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍ അവതരിപ്പിച്ചത്.
കമനീയവും വര്‍ണ്ണാഭവുമായ നിറങ്ങളുടെ സാഗരം പോലെ ലെബില്‍ ഗാസ് വേഷധാരികളായ രാജസ്ഥാനികള്‍ ആഘോഷവേളകളെ ആനന്ദ തിമിര്‍പ്പുകളാക്കുന്ന രാജസ്ഥാനില്‍ നിന്നുള്ള ഘൂമര്‍, മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ഉത്സവാനന്ദ നൃത്തം, മാഡിയ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പുരാതന നാടോടി തനത് കലയായ രാജസ്ഥാനില്‍ നിന്നുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ അവതരിപ്പിക്കാറുള്ള കല്‍ബേലിയ, വസന്തകാലത്തിന്റെ വരവറിയിച്ചു കൊണ്ട് പുതുവര്‍ഷ രാത്രികളില്‍ വര്‍ണ്ണശബളമായ വേഷവിധാനങ്ങള്‍ കൊണ്ടലങ്കരിച്ചു കൊണ്ട് ആസാമില്‍ നിന്നുള്ള പരമ്പരാഗത ഗോത്ര നൃത്തം ബിഗു, പൗരാണികവും നവരാത്രി കാലരാവുകളെ ആഘോഷ പൂര്‍ണ്ണമാക്കുന്ന ഗുജറാത്തില്‍ നിന്നുള്ള ഗര്‍ബയും ഡാണ്ഡിയയും ദോഹ്കിയില്‍ അവതരിപ്പിക്കുന്ന മറാട്ടി വംശക്കാരുടെ ഊര്‍ജ്ജസ്വല നാടോടിയിനമായ മഹാരാഷ്ട്രയില്‍ നിന്നുള്ള ലേസിയ, ഒരേ സമയം ശരീരത്തെ ഉത്സവമാക്കി നടനവും കായിക പ്രകടനവും സന്നിവേശിപ്പിച്ച ഒറീസ്സ അതൃത്തിയില്‍ നിന്നുള്ള മാര്‍ഷ്യല്‍ ആര്‍ട്ട് ഫോം മയൂര്‍ ഗിഞ്ച്ചൗ അരങ്ങിലെത്തി.
ഒപ്പം മലയാള സാഹിത്യത്തിലെ എക്കാലത്തെയും സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ, ചെറു കഥകളെ കോര്‍ത്തിണക്കിയുള്ള നാടകങ്ങളും കഥകളിയും യക്ഷഗാനവും അരങ്ങേറി.
കെ.എ ഗഫൂര്‍ മാസ്റ്റര്‍, അംബികാസുതന്‍ മാങ്ങാട്, സുധീഷ് ഗോപാലകൃഷ്ണന്‍, ജഗദീഷ് കുമ്പള എന്നിവര്‍വെള്ളരി പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. 

 ഡല്‍ഹി കേന്ദ്രീകരിച്ച് ഇരുപത്തിയഞ്ചിലധികം വര്‍ഷമായി നൃത്തസംവിധാനത്തില്‍ വ്യാപൃതനായി ഇന്ത്യയിലും വിദേശത്തും നിരവധി നൃത്തയിനങ്ങളുടെ കോറിയോഗ്രാഫറായ മാസ്റ്റര്‍ ഹരി രാമചന്ദ്രന്റെ ശിക്ഷണത്തില്‍ ഗോപി കുറ്റിക്കോല്‍ സന്നിവേശിപ്പിച്ചതാണ് ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.