Latest News

ലിനിയുടെ അനുസ്മരണ ചടങ്ങില്‍ അമ്മസ്‌നേഹത്തിന്റെ കൊതി തീരാത്ത രണ്ട് കുരുന്നുകളുടെ കളികൊഞ്ചലുകള്‍ സദസിലാകെ നെടുവീര്‍പ്പുയര്‍ത്തി.

കോഴിക്കോട്: അച്ഛന്റെ മടിയില്‍ അനുസരണയോടെ ഇരുന്നു ആദ്യം സിദ്ധാര്‍ഥ്. കുറച്ച് കഴിഞ്ഞപ്പോള്‍ അടങ്ങിയിരുന്ന് അവന്റെ ക്ഷമ കെട്ടു. അച്ഛന്‍ സജീഷിന്റെയും ചേട്ടന്റെയും കസേരയ്ക്ക് മുകളില്‍ കയറി നിന്ന് കുറുമ്പ് കാണിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കസേരയിലിരിക്കുന്ന ചേട്ടന്‍ റിഫുലിനോട് ഉറക്കെ സംസാരിക്കും. അച്ഛന്‍ മൈക്കില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ അമ്മയുടെ ചിത്രം പതിച്ച ബാഡ്ജും കുത്തി പരിപാടി നടക്കുന്ന വേദിയിലങ്ങോട്ടുമിങ്ങോട്ടും ഓട്ടമായിരുന്നു.[www.malabarflash.com]  

ഹാളില്‍ തിങ്ങിനിറഞ്ഞവരുടെയെല്ലാം കണ്ണില്‍ നൊമ്പരത്തിന്റെ ഒരു തുള്ളി നിറച്ച് ആ കാഴ്ചകളെ അവന്‍ കൈയ്യടക്കിയത് നിമിഷ നേരം കൊണ്ടായിരുന്നു. ലിനിയുടെ അനുസ്മരണ ചടങ്ങില്‍ അമ്മസ്‌നേഹത്തിന്റെ കൊതി തീരാത്ത രണ്ട് കുരുന്നുകളുടെ കളികൊഞ്ചലുകള്‍ സദസിലാകെ നെടുവീര്‍പ്പുയര്‍ത്തി. 

കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നഴ്‌സ് ലിനിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു ഹൃദയഹാരിയായ നിമിഷങ്ങള്‍. നിള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അച്ഛനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് റിഥുലും സിദ്ധാര്‍ഥും എത്തിയത്.

ചടങ്ങ് ഉദ്ഘാടനത്തിന് എത്തിയ പി കെ ശ്രീമതി എംപിയും മുഖ്യാതിഥി നടി പാര്‍വതി തിരുവോത്തും ഉമ്മ വച്ചും ചേര്‍ത്തു പിടിച്ചും കുട്ടികളെ കൊഞ്ചിച്ചു. മടി കൂടാതെ സിദ്ധാര്‍ഥ് ശ്രീമതിയുടെ ഒക്കത്ത് ചേര്‍ന്നിരുന്നു. തുടര്‍ന്ന് അവര്‍ ലിനിയുടെ അനുസ്മരണ ബാഡ്ജ് പിടിപ്പിച്ച് രണ്ടു പേരെയും ഫോട്ടോക്ക് നിര്‍ത്തിച്ചതോടെ ഇരുവരും ഹാപ്പിയായി.

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മൂര്‍ത്തീമത് ഭാവമാണ് ലിനിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി കെ ശ്രീമതി അനുസ്മരിച്ചു. ആ നഷ്ടം നികത്താനാവില്ല. കേരളമാകെ പരിഭ്രാന്തിയിലായ സമയത്ത് തനിക്ക് രോഗവന്നുവെന്നറിഞ്ഞ ലിനിയുടെ ധൈര്യവും ആത്മബലവും അവരുടെ കത്തില്‍ നിന്ന് വ്യക്തമാണ്. ആരോഗ്യ മേഖലയില്‍ അപകട സാധ്യതയോടെ ഏറ്റവും കൂടുതല്‍ സേവനം ചെയ്യുന്നത് നഴ്‌സുമാരാണ്. ഇനിയൊരു ദുരന്തത്തെ നേരിടാനുള്ള കരുത്തും സംവിധാനവും ഈ അനുഭവം കേരളത്തിന് തന്നൂവെന്നും അവര്‍ പറഞ്ഞു.

മനുഷ്യത്വത്തിന്റെ പ്രതീകമാണ് രോഗിയെ പരിചരിച്ചതിലൂടെ മരണത്തിന് കീഴടങ്ങിയ ലിനിയെന്ന് പാര്‍വതി പറഞ്ഞു. സമൂഹത്തിന് മനുഷ്യത്വം നഷ്ടപ്പെട്ടു പോകുകയാണെന്നും അത് തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു വര്‍ഷ ശേഷം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ ഓര്‍മകള്‍ വല്ലാതെ മുറിവേല്‍പ്പിക്കുന്നതായും സമൂഹത്തിന് ലിനിയോടുള്ള ആദരവാണ് ഞങ്ങളുടെ കരുത്തെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞു. നിപാ അതിജീവിച്ച നഴ്‌സിങ് വിദ്യാര്‍ഥി അജന്യയും ഓര്‍മകള്‍ പങ്കുവച്ചു. എന്‍ എ ശ്യാമള അധ്യക്ഷയായി. പി ഉഷാദേവി, എം മുരളീധരന്‍, എന്‍ ബി സുധീഷ് കുമാര്‍, സി ഉദയകുമാര്‍, എന്നിവര്‍ സംസാരിച്ചു. എന്‍ വി അനൂപ് സ്വാഗതവും എ ബിന്ദു നന്ദിയും പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/news-kerala-21-05-2019/800604

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.