Latest News

ഏക മകന്റെ മരണത്തോടെ ദാരിദ്രത്തിന്റെ പടുകുഴില്‍ വീണ കുടുംബത്തിന്റെ രക്ഷനായി എം.എ.യൂസുഫലി

മലപ്പുറം: ഏകമകന്റെ മരണത്തോടെ ദാരിദ്രത്തിന്റെ പടുകുഴിൽ വീണ മലപ്പുറം കോക്കൂരിലെ കുടുംബത്തിന്റെ രക്ഷനായ വന്ന് പ്രമുഖ വ്യവസായി എം.എ.യൂസുഫലി.[www.malabarflash.com]

ഏകമകൻ മരിച്ചതിനെ തുടർന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലായ ദരിദ്ര കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ് ലുലു ഗ്രൂപ്പ് എം.ഡി.യായ എം.എ.യൂസഫലി സഹായവുമായി എത്തിയത്.

ഗൾഫിൽ മരണപ്പെട്ട കോക്കൂർ സ്വദേശി പൊന്നനെംകാട്ട് മുഹമ്മദ് ആഷികിന്റെ കുടുംബത്തിനാണ് യൂസുഫലിയുടെ കാരുണ്യ ഹസ്തം ലഭിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 15 നാണ് അൽഐനിലെ താമസസ്ഥലത്ത് ആഷികിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർദ്ധക്യ സഹജമായ രോഗാവസ്ഥയിൽ കഴിയുന്ന മാതാവിന്റെയും അജ്ഞാത രോഗം മൂലം ശരീരം തളർന്ന് കിടപ്പിലായ സഹോദരിയുടെയും ഏക ആശ്രയമായിരുന്നു മുഹമ്മദ് ആഷിക്. ഭാര്യയും ഒരു പെൺകുഞ്ഞുമുണ്ട്. പിതാവ് രണ്ടു കൊല്ലം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു.

കുടുംബം പോറ്റാനും ചികിത്സക്കുമായി ആഷിക് വീടും പുരയിടവും പണയപ്പെടുത്തി ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നു 2009 ലു 2017 ലുമായി ആകെ 18 ലക്ഷം രൂപ വായ്‌പ്പ എടുത്തിരുന്നു. മരിക്കും വരെ അത് തിരിച്ചടച്ചു വന്നിരുന്നു എങ്കിലും മരണത്തോടെ അത് മുടങ്ങി. തുടർന്ന് പലിശയും മറ്റുമായി പതിനേഴര ലക്ഷമായി ബാധ്യത ഉയർന്നു. ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു. കുടുംബം കുടിയൊഴിപ്പിക്കലിന്റെ വക്കിലെത്തി. തുടർന്ന് കുടുംബത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ നാട്ടുകാർ യോഗം ചേർന്ന് പി.പി.എം അഷ്‌റഫ് ചെയർമ്മാനും കെ.എ.റഷീദ് കൺവീനറുമായി ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയിരുന്നു.

അതിനിടയിലാണ് കുടുംബത്തിന്റെ ദൈന്യത നിറഞ്ഞ വാർത്ത യൂസുഫലി അറിഞ്ഞത്.വിശദ വിവരങ്ങൾ മിനിറ്റുകൾ കൊണ്ട് ശേഖരിച്ച അദ്ദേഹം 24 മണിക്കൂറിനകം മുഴുവൻ പണവും അടച്ച് പണയാധാരം തിരിച്ചെടുത്ത് വൃദ്ധമാതാവിനെ ഏൽപ്പിക്കാൻ അദ്ദേഹത്തിന്റെ കേരളത്തിലെ ചുമതലയുള്ള ഹെഡാഫീസിനു നിർദ്ദേശം നൽകി.

ഈ വിവരങ്ങൾ ഒന്നും അറിയാത്ത കുടുംബത്തിന്റെ മുന്നിലേക്ക് ബാധ്യതകൾ അവസാനിച്ച സന്തോഷ വാർത്തയുമായി രാത്രിയിൽ ബാങ്ക് മാനേജർ ഉൾപ്പെടുന്ന സംഘം കടന്നുവന്നപ്പോൾ അവർ അമ്പരന്നു. ബാങ്ക് ബാധ്യതകളെല്ലാം ലുലു യൂസുഫലി എന്ന പ്രവാസി വ്യവസായി അടച്ചുതീർത്ത വാർത്ത അവർക്ക് വിശ്വസിക്കാനായില്ല.

സർവ്വ ശക്തനായ ദൈവമാണു റമദാൻ മാസത്തിൽ അദ്ദേഹത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാതാപ്പിതാക്കൾക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഉള്ളറിഞ്ഞ പ്രാർത്ഥന എല്ലാകാലത്തും ഉണ്ടാകും-കുടുംബാംഗങ്ങൾ പറഞ്ഞു. പ്രവാസി വ്യവസായിയായ യൂസുഫലിക്ക് നന്ദിയും കടപ്പാടും രേഖപ്പെടുതികൊണ്ട് നാട്ടുകാർ ഇതിനുവേണ്ടി ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടതായി ചെയർമാനും കൺവീനറും അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.