Latest News

പെരിയ ഇരട്ടക്കൊല; കുററപത്രം സമര്‍പ്പിച്ചു; കൊലക്ക് കാരണം വ്യക്തിവിരോധമെന്ന് 900 പേജുളള കുററപത്രം; 14 പ്രതികള്‍, 229 സാക്ഷികള്‍, 105 തൊണ്ടിമുതലുകളും അമ്പതോളം രേഖകളും

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.[www.malabarflash.com]

അന്വേഷണ സംഘത്തിലെ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി എം പ്രദീപ്കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യക്തിവിരോധമാണ് കൊലക്ക് പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നും കുറ്റപത്രത്തിലുണ്ട്.

900 പേജുള്ള കുറ്റപത്രത്തില്‍ ഒന്നാംപ്രതി പീതാംബരന്‍, രണ്ടാംപ്രതി സജി സി ജോര്‍ജ്, മൂന്നാംപ്രതി സുരേഷ്, നാലാംപ്രതി അനില്‍, അഞ്ചാംപ്രതി ഗിജിന്‍, ആറാംപ്രതി ശ്രീരാഗ്, ഏഴാംപ്രതി അശ്വിന്‍, എട്ടാംപ്രതി സുബീഷ്, ഒന്‍പതാം പ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത്, പതിനൊന്നാംപ്രതി പ്രദീപ് എന്ന കുട്ടന്‍, പന്ത്രണ്ടാം പ്രതി ആലക്കോട് മണി, പതിമൂന്നാംപ്രതി സിപിഎം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, പതിനാലാംപ്രതി സിപിഎം ഏരിയാസെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

229 സാക്ഷികളും, 105 തൊണ്ടിമുതലുകളും അമ്പതോളം രേഖകളും, പ്രതികള്‍ ഉപയോഗിച്ച അഞ്ച് കാര്‍, രണ്ട് ജീപ്പ്, അഞ്ച് ബൈക്ക് എന്നിവയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഒന്നാം പ്രതി പീതാംബരന്‍ അറസ്റ്റിലായതിന്റെ 90-ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റ് നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ ഒന്നാംപ്രതിക്കും പിന്നാലെ മറ്റു പ്രതികള്‍ക്കും ജാമ്യം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. ഇത് തടയാനാണ് തിങ്കളാഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്. 

കേസിലെ രണ്ടാം പ്രതി സജി സി ജോര്‍ജ്, ഒമ്പതാംപ്രതി മുരളി, പത്താംപ്രതി രഞ്ജിത്ത് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കാനായി കോടതി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനിടയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, ആലക്കോട്ടെ മണി എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റ് 11 പ്രതികളും ഇപ്പോഴും റിമാന്‍ഡിലാണ്.

ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തവരും ഒമ്പതു മുതല്‍ 11 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് കൊലപാതകത്തിന് സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് കുറ്റപത്രത്തിലുള്ളത്.

പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയാണ് 12 മുതല്‍ 14 വരെ പ്രതികളെ ചേര്‍ത്തത്.

എഡിജിപി ഡോ. ഷേഖ് ധര്‍വേഷ് സാഹിബ്, ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി എം റഫീഖ്, കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

പ്രദീപ്കുമാറിന് പുറമെ കാസര്‍കോട് ക്രൈംബ്രാഞ്ച് സിഐ അബ്ദുള്‍ റഹിം, ഇന്‍സ്‌പെക്ടര്‍മാരായ ടി ജി ദിലീപ്, ഷാജി, കൃഷ്ണകുമാര്‍, ഫിലിപ്പ് തോമസ്, എഎസ്‌ഐമാരായ മനോജ്, രമേശന്‍, ബാലകൃഷ്ണന്‍, നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് സലിം, ജോഷി, സജി ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിനോജ്, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.