Latest News

പ്രശസ്ത റേഡിയോ അവതാരകന്‍ ഇബ്രാഹീം ഗംഗാത്ത് അന്തരിച്ചു

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഇതിഹാസ റേഡിയോ അവതാരകനും മുസ്‌ലിം മാധ്യമലോകത്തെ അതികായരിലൊരാളുമായ ഇബ്രാഹീം ഗംഗാത്ത് എന്ന ബാബു അമീന്‍(61) അന്തരിച്ചു.[www.malabarflash.com] 

മുതിര്‍ന്ന റേഡിയോ അവതാരകനും മുസ്‌ലിം വിഷയങ്ങളിലെ അവതരണമികവിലൂടെ പ്രശസ്തനുമായിരുന്ന ഇബ്രാഹീം ഗംഗാത്ത് കുറച്ചുകാലമായി അര്‍ബുദ രോഗബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് മരണത്തിനു കീഴടങ്ങിയത്. റേഡിയോ ഇസ്‌ലാം ഇന്റര്‍നാഷനിലൂടെ ഔദ്യോഗിക ജീവിതം തുടങ്ങിയ ഇബ്രാഹീം തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് പ്രശസ്തനായത്. 

സലാം മീഡിയയിലെത്തുന്നതിനു മുമ്പ് ചാനല്‍ ഇസ്‌ലാം ഇന്റര്‍നാഷനല്‍(സിഐഐ റേഡിയോ)യിലും പ്രവര്‍ത്തിച്ചിരുന്നു. തന്റെ മോണിങ് ഷോയിലൂടെ രാജ്യവ്യാപകമായി ആയിരക്കണക്കിനു ആരാധകരെ സൃഷ്ടിച്ചിരുന്നു. 

ഇബ്രാഹീം തന്റെ മാര്‍ഗദര്‍ശിയും സുഹൃത്തും പിതാവിനു തുല്യനുമാണെന്നു സലാം മീഡിയയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ പോട്‌നി മോള്‍സാനെ പറഞ്ഞു. എന്റെ ഇസ്‌ലാം ആശ്ലേഷണത്തില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്. ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ ജനതയ്‌ക്കെതിരായാല്‍ പോലും സത്യം പറയുന്നതില്‍ അദ്ദേഹം വിമുഖത കാട്ടിയിരുന്നില്ല. 

സ്വര്‍ഗപ്രവേശനത്തിന് ദൈവം തൊലിയുടെ നിറമല്ല നന്‍മയാണു പരിഗണിക്കുകയെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എല്ലാവരോടും പുഞ്ചിരിച്ചിരുന്ന യഥാര്‍ഥ മനുഷ്യസ്‌നേഹിയെയാണ് നഷ്ടമായത്. പാകിസ്താന്‍ മുതല്‍ ഫലസ്തീന്‍ വരെയും ബോസ്‌നിയ മുതല്‍ ബ്രിട്ടന്‍ വരെയുമുള്ള സ്ഥലങ്ങളിലെയെല്ലാം മുസ്‌ലിം വിഷയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിനു യാതൊന്നും തടസ്സമായിരുന്നില്ലെന്ന് മീഡിയ കമ്മന്റേറ്റര്‍ ഇഖ്ബാല്‍ ജസ്സാത്ത് പറഞ്ഞു. 

രണ്ടു തവണ ഇബ്രാഹീം ഭായിയെ അഭിമുഖം നടത്താനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. അപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകളുടെ വിഷയത്തെ കുറിച്ചും സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം മുസ്‌ലിം മാധ്യമലോകത്തിനു വന്‍ നഷ്ടമാണ്. 

ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ലോകത്താകെ രണ്ടു പതിറ്റാണ്ടോളമായി മികച്ച സംഭാവനകള്‍ അര്‍പ്പിച്ചിരുന്ന പ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.