Latest News

കോതയാറിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ മുങ്ങിമരിച്ചു

കുഴിത്തുറ: തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലെ രണ്ട് വിദ്യാർത്ഥികളും മുൻ താൽക്കാലിക ജീവനക്കാരനും കന്യാകുമാരി ജില്ലയിൽ പേച്ചിപ്പാറയ്ക്ക് അടുത്തുള്ള കോതയാറിൽ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ദുരന്തം.[www.malabarflash.com]

നാലാംവർഷ എം. എസ്‌ സി ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി വിദ്യാർത്ഥി പാറശാലയ്ക്ക് സമീപം നല്ലൂർവട്ടം പ്ളാമൂട്ടിക്കട വിഷ്ണുനിവാസിൽ വിജയന്റെ മകൻ വിഷ്ണു ( 24), ബി. എസ്‌ സി അഗ്രികൾച്ചർ അവസാന വർഷ വിദ്യാർത്ഥി ശ്രീകാര്യം പാങ്ങപ്പാറ വിവേക് വില്ലയിൽ സുഭാഷിന്റെ മകൻ ശന്തനു (24), താത്കാലിക ജീവനക്കാരനായിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടിൽ മോഹനന്റെ മകൻ അരുൺ മോഹൻ (23) എന്നിവരാണ് മരിച്ചത്. ശന്തനു കാൻസർ ചികിത്സയിലായിരുന്നു.

വിനോദ യാത്രയ്ക്കെത്തിയ യുവാക്കൾ നദിയിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി ആഴമുള്ള ഭാഗത്ത് വീണതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് കുലശേഖരം ഇൻസ്‌പെക്ടർ രാജസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി ഇവരെ കരയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

ഈ ഭാഗത്ത് കോതയാറിൽ രണ്ട് കുളിക്കടവാണുള്ളത്.സാധാരണ രണ്ടിടത്തും എപ്പോഴും ആൾക്കാരുണ്ടാവും. ഇതിനിടയിലുള്ള മറ്റൊരു സ്ഥലത്താണ് മൂവരും കുളിക്കാനിറങ്ങിയത്. പടവുകളില്ലാത്ത ആഴമുള്ളസ്ഥലമാണ് ഇത്. ആദ്യം വെള്ളത്തിലിറങ്ങിയ യുവാവ് ആഴത്തിൽപ്പെട്ടതോടെ മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാവാമെന്ന് നാട്ടുകാർ പറയുന്നു.

കെ.എൽ.09-കെ.2825 നമ്പർ സുസുക്കി ജിക്സർ ബൈക്കിലും കെ.എൽ.01-സി.സി 1256 ഹോണ്ട ഡിയോ സ്കൂട്ടറിലുമായാണ് മൂന്ന്പേരും ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്ഥലത്തെത്തിയത്. കുരിശുമലയിലേക്കെന്ന് പറ‌ഞ്ഞാണ് അരുൺ സുഹൃത്തിനൊപ്പം രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. രജനിയാണ് അരുണിന്റെ മാതാവ്. സഹോദരി ആതിരാമോഹൻ. ജയലക്ഷ്മിയാണ് വിഷ്ണുവിന്റെ മാതാവ്. വിഷു സഹോദരി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.