Latest News

ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ്: വാര്‍ത്തകള്‍ തെറ്റെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറില്‍ വേനല്‍ ചൂട് റെക്കോര്‍ഡിലെത്തിയെന്നും വരും ദിവസങ്ങളില്‍ ചൂട് 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നുമുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കാലാവസ്ഥാ വകുപ്പ്.[www.malabarflash.com]

ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥാ പഠനവകുപ്പ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മന്നായി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ രേഖപ്പെടുത്തിയ അതെ താപനിലയാണ് ഈ വര്‍ഷമുള്ളതെന്നും അബ്ദുള്ള അല്‍ മന്നായി വ്യക്തമാക്കി. 48.2 ഡിഗ്രിസെല്‍ഷ്യസ് ആണ് ഈ ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ താപനിലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ താപനില ഉയര്‍ന്നിരിക്കുന്നുവെന്നതു ശരിയാണ്. എന്നാല്‍ സാധാരണ വേനല്‍ കാലത്ത് രാജ്യത്തുണ്ടാവുന്ന ചൂടാണ് ഇത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി താപനിലയില്‍ വരും ദിവസങ്ങളില്‍ അസാധാരണമായി വന്‍വര്‍ധനവ് ഉണ്ടാവുമെന്ന സൂചന ഇപ്പോള്‍ ഇല്ല. 1973ല്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ താപനില രേഖപ്പെടുത്തിയപ്പോള്‍ പോലും ഖത്തറിലെ താപനില 40നും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരുന്നുവെന്ന കാര്യവും അബ്ദുള്ള അല്‍ മന്നായി വ്യക്തമാക്കി.
കാറിലും മറ്റ് വാഹനങ്ങളിലെയും കാലാവസ്ഥാ സെന്‍സറുകളില്‍ കാണിക്കുന്ന താപനില വച്ചാണ് ചിലര്‍ വ്യാജ പ്രചരണം നടത്തുന്നത്. വാഹനങ്ങളിലെ താപനില അളക്കുന്ന ഉപകരണങ്ങളില്‍ എല്ലായ്‌പ്പോഴും ഔദ്യോഗികമായി രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ കൂടുതലാണ് രേഖപ്പെടുത്താറുള്ളത്. കാറിലുള്ള താപനില സെന്‍സറിന്റെ പ്രവര്‍ത്തനങ്ങള്‍ പല ഘടകങ്ങളെയും ആശ്രയിച്ചാണുള്ളത്. 

മറ്റ് കാലാവസ്ഥാ അറിയിപ്പുകളുടെ കാര്യത്തിലെന്ന പോലെ താപനിലയുടെ കാര്യത്തിലും ഔദ്യോഗികമായ അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.