Latest News

പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സാഹൂര്‍ ഖയ്യാം അന്തരിച്ചു

ന്യൂഡല്‍ഹി: ഹിന്ദി സിനിമാലോകത്തെ പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സാഹൂര്‍ ഖയ്യാം അന്തരിച്ചു. 92 വയസ്സായിരുന്നു. അസുഖബാധിതനായി സുജോയ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.[www.malabarflash.com]

'കഭീ, കഭീ മെരേ ദില്‍ മേ', 'ഉംറാവോ ജാന്‍' തുടങ്ങിയ സിനിമാ ഗാനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഇദ്ദേഹത്തെ തേടി പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളെത്തിയിരുന്നു. 

പഞ്ചാബിലെ ലുധിയാനയില്‍ 17ാം വയസ്സിലാണ് സംഗീത ലോകത്തേക്കു കടന്നുവന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിലെ നവന്‍ഷഹര്‍ ജില്ലയിലെ രാഹോണില്‍ 1927 ഫെബ്രുവരി 18നാണു ജനനം. സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് മൂന്നുതവണ ലഭിച്ചിരുന്നു. 1953-1990 കാലഘട്ടത്തിലെ സംഗീതലോകത്തെ പ്രതിഭകളില്‍ ഒരാളായിരുന്നു. 

സംഗീതത്തോടും സിനിമയോടുമുള്ള അഭിനിവേഷം കാരണം പലപ്പോഴും വീടുവിട്ടിറങ്ങുകയും പഠനം വരെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പ്രശസ്തനായ പഞ്ചാബി സംഗീതജ്ഞന്‍ ബാബാ ചിഷ്തിയില്‍ നിന്നാണ് സംഗീതം പഠിച്ചത്. ഖയ്യാമിന്റെ സംഗീതം ഇഷ്ടപ്പെട്ട ബാബാ ചിഷ്തി അദ്ദേഹത്തിന്റെ അസിസ്റ്റന്റായി നിയോഗിക്കുകയും ചെയ്തു. 

മുഹമ്മദ് റഫി, ആഷാ ഭോസ് ലെ, മുകേഷ് തുടങ്ങിയവരുടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. 1977ലും 1982ലും മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു(കഭീ കഭീ, ഉംറാവോ ജാന്‍), 2007ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്, 2010ല്‍ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, 2011ല്‍ പ്തമഭൂഷണ്‍, 2018ല്‍ ഹൃദയ് നാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു. 

നൂറീ, തോദിസീ ബെവാഫെയ്, ബസാര്‍, റസിയ സുല്‍ത്താന്‍ എന്നിവയിലെ സംഗീതത്തിനു മികച്ച ഫിലിംഫെയര്‍ അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഫൂട്പാത്ത്, ഗുല്‍ ബഹര്‍, സങ്കല്‍പ്, ചമ്പല്‍ കി കസം, അഹിസ്താ അഹിസ്താ, ദില്‍ എ നദം, ബാവറി, ദില്‍ ആഖിര്‍ ദില്‍ ഹേ, മെഹന്തി, ജാനേ വഫാ, ഗുലാംബന്ദു, മജ്‌നൂന്‍ തുടങ്ങി നിരവധി സിനിമാഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ട്. 

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഗസല്‍ സ്പര്‍ശമാണ് ഖയ്യാമിന്റെ സംഗീതത്തെ ഇത്രമേല്‍ പ്രശസ്തനാക്കിയത്. തന്റെ 85ാം ജന്‍മദിനത്തില്‍ തന്റെ സമ്പാദ്യത്തില്‍നിന്നു 10 കോടി രൂപ സംഗീതപഠനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനു കൈമാറിയിരുന്നു. ജഗജിത് കൗറാണ് ഭാര്യ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.