Latest News

നീന്തല്‍ പഠിക്കാന്‍ കുട്ടികൂട്ടങ്ങള്‍ പള്ളം തെക്കേക്കരയിലെ ചെണ്ടക്കുളത്തില്‍ എത്തി

ഉദുമ: നീന്തല്‍ പഠിക്കാന്‍ കുട്ടികള്‍ കൂട്ടത്തോടെ പള്ളം തെക്കേക്കരയിലെ ചെണ്ടക്കുളത്തില്‍ എത്തി. നാല്‍പ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ തെക്കേക്കരയിലുളള ഉദയമംഗലം ക്ഷേത്രത്തിന്റെ ചെണ്ടക്കുളത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമിട്ടത്.[www.malabarflash.com]

നീന്തല്‍ താരം സൈഫുദ്ദീനാണ് പരിശീലകന്‍. പ്രായ ലിങ്ക ഭേദമന്യേ ഏവര്‍ക്കും നീന്തല്‍ പഠിക്കാമെങ്കിലും മുഖ്യമായും വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് ഈ പരിശീലനം. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ പരിശീലനം തുടരും. ആദ്യ ദിവസം തന്നെ നൂറോളം കുട്ടികള്‍ നീന്തല്‍ പരിശീലത്തിനായി ക്കുളത്തിലെത്തി. 

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2014ല്‍ നടത്തിയ നീന്തല്‍ പരിശീലനത്തില്‍ അന്‍പതോളം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. കുട്ടികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്റെര്‍ണല്‍ മാര്‍ക്ക് ലഭിക്കുന്നതിന് പുറമെ ജോലിയാവശ്യത്തിനും ഈ സര്‍ട്ടിഫിക്കറ്റ് ഉപകാരപ്പെടുമെന്ന് നീന്തല്‍ പരിശീലനം ഉത്ഘാടനം ചെയ്ത ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹിമാന്‍ പറഞ്ഞു. 

ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കുഞ്ഞിരാമന്‍, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുരളി പള്ളം, ക്ലബ് പ്രസിഡന്റ് ടി വി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ പി വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.