Latest News

പെരിയ ഇരട്ടക്കൊലക്കേസ്: സിഐടിയു പ്രവർത്തകനായ പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ ഹാജരാകും

കാസര്‍കോട്: പ്രമാദമായ പെരിയ ഇരട്ടക്കൊലക്കേസിൽ
പ്രതിഭാഗം അഭിഭാഷകനായി അഡ്വ: ആളൂർ ഹാജരാകും.
കേസിലെ എട്ടാം പ്രതിയും സി.ഐ.ടി.യു പ്രവർത്തകനുമായ സുബീഷിനു വേണ്ടിയാണ് തിങ്കളാഴ്ച ജില്ല കോടതിയിൽ ആളൂർ ഹാജരാകുക.[www.malabarflash.com]


പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഘത്തിലെ എട്ടാം പ്രതിയാണ് ചുമട്ടു തൊഴിലാളിയും പാക്കം സ്വദേശിയുമായ സുബീഷ്. സംഭവം നടന്ന് ഏഴു മാസങ്ങൾക്കു ശേഷം ജില്ല കോടതിയിൽ സുബീഷ് സമർപ്പിച്ച ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് ആളൂർ കോടതിയിൽ ഹാജരാകുന്നത്.

കേസിലെ മറ്റു ചില പ്രതികൾ കൂടി ആളൂരിനെ സമീപിച്ചതായും സൂചനയുണ്ട്. നേരത്തെ, കേസിലെ 9,10,11 പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇവർക്കു വേണ്ടി അഡ്വ: രാംകുമാറാണ് കോടതിയിൽ ഹാജരായത്. എന്നാൽ, പ്രതികൾക്ക് ജാമ്യം നൽകരുതെന്ന സർക്കാർ നിലപാട് അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
ഇതിനു പിന്നാലെയാണ് കേസിലെ പ്രധാന പ്രതികളിൽ ഒരാളെന്ന് അന്വേഷണസംഘം കണ്ടെത്തിയ സുബീഷിന്‍റെ ജാമ്യാപേക്ഷ ജില്ല കോടതി പരിഗണിക്കുന്നത്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രധാനമായും ജാമ്യാപേക്ഷയിൽ സുബീഷ് ഉന്നയിച്ചിരിക്കുന്നത്. 

ആളൂർ എത്തുന്നതോടെ പെരിയ കേസിലെ വിചാരണനടപടികൾ കൂടി വാർത്താപ്രാധാന്യം നേടും. കൊല നടന്ന് അഞ്ച് ദിവസത്തിനു ശേഷം വിദേശത്തേക്ക് കടന്ന സുബീഷിനെ മൂന്നുമാസം കഴിഞ്ഞാണ് മംഗളൂരു വിമാനത്താവളത്തിൽ വെച്ച് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.