Latest News

സാമ്പത്തികപ്രതിസന്ധി; അബുദാബി യൂണിവേഴ്‌സൽ ആശുപത്രി അടച്ചു, നിരവധി ജീവനക്കാര്‍ വഴിയാധാരമായി

അബുദാബി: ആധുനികസൗകര്യങ്ങളോടെ അബുദാബി എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ ആശുപത്രി സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് അടച്ചു. ഇതോടെ ജോലി നഷ്ടപ്പെട്ട മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രയാസത്തിലായി. മിക്കവർക്കും മാസങ്ങളായി ശമ്പളം കുടിശ്ശികയാണ്.[www.malabarflash.com]

മെഡിക്കൽ, പാരാമെഡിക്കൽ, ഓഫീസ് വിഭാഗങ്ങളിലായി നാലായിരത്തോളംപേർ ജോലി ചെയ്തിരുന്ന ആശുപത്രി കുറച്ചുമാസങ്ങളായി സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. റോബോട്ട് മരുന്ന് വിതരണംചെയ്തിരുന്ന ഫാർമസിയും ഹൃദ്രോഗ ചികിത്സയിൽ അത്യാധുനിക ഉപകരണങ്ങളും വിവിധ ഡിപ്പാർട്‌മെന്റുകളും പ്രഗല്‌ഭരായ ഡോക്ടർമാരും യൂണിവേഴ്‌സൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. രണ്ടുകെട്ടിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ പ്രതിദിനം ആയിരത്തിയഞ്ഞൂറിലേറെ രോഗികൾ എത്തിയിരുന്നു.

അബുദാബി ഹെൽത്ത് അതോറിറ്റിയുടെ പരിശോധനയെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മൂന്നുദിവസം ആശുപത്രി അടച്ചിട്ടിരുന്നു. നിരന്തരമായി ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ലേബർ കോടതിയിൽ ലഭിച്ച പരാതിപ്രകാരം തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പോലീസും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് ആശുപത്രി അടച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.