Latest News

പോക്സോ നിയമം ദുരുപയോഗം ചെയ്ത് പണം തട്ടൽ: നാലംഗ സംഘം അറസ്റ്റിൽ

കാസർകോട്: പോക്സോ നിയമം ദുരുപയോഗം ചെയ്ത് പണം തട്ടിയെന്ന കേസിൽ നാലുപേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂർ ടിപ്പുനഗർ സ്വദേശി മുഹമ്മദ് അശ്രഫ് എന്ന അച്ചു (24), അണങ്കൂർ കൊല്ലമ്പാടിയിലെ എ.എ.മുഹമ്മദ് റിയാസ് (30), എസ്.എ.സാബിത് (32), പള്ളം പുളിക്കൂറിലെ പി.ഐ.ഹബീബ് (25) എന്നിവരാണ് അറസ്റ്റിലായത്. [www.malabarflash.com]

ഇവർ സഞ്ചരിക്കാനുപയോഗിച്ച കറുത്ത സ്റ്റിക്കർ പതിച്ച കാർ, കത്തി, പരാതിക്കാരന്റെ എ.ടി.എം. കാർഡ്, 14,000 രൂപ എന്നിവയും പിടിച്ചെടുത്തു.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്രാലയ ഉടമയും മൊഗ്രാൽപുത്തൂർ ബെള്ളൂർ സ്വദേശിയുമായ അബ്ദുൾ ശരീഫിന്റെ പരാതിയിലാണ് നടപടി. അറസ്റ്റിലായ സംഘം പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളിൽ നിന്ന് രണ്ടു തവണയായി 50,000 രൂപ കൈക്കലാക്കി. വീണ്ടും അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും എ.ടി.എം. കാർഡ് തട്ടിയെടുത്ത് ഭീഷണിപ്പെടുത്തൽ തുടരുകയും ചെയ്തു. ഇതോടെയാണ് ഇദ്ദേഹം പോലീസിൽ പരാതിപ്പെട്ടത്.

വസ്ത്രാലയത്തിൽ തുണിയെടുക്കാനെത്തിയ പ്രായപൂർത്തിയാവാത്ത കുട്ടിയുമായി പരിചയത്തിലായ അബ്ദുൾ ശരീഫ്‌ ഫോൺവിളിച്ചും സമൂഹമാധ്യമം വഴി ചാറ്റു ചെയ്തും സൗഹൃദം നിലനിർത്തിയിരുന്നു. ചാറ്റിങ്ങിൽ അശ്ലീലച്ചുവയുള്ള ഭാഷയുപയോഗിച്ചത് മനസ്സിലാക്കിയ നാലംഗസംഘം ഇത് സ്ക്രീൻഷോട്ടെടുത്ത് ഇദ്ദേഹത്തെ കാണിച്ച് ചൈൽഡ് ലൈനിൽ പരാതി നൽകുമെന്നും പോക്സോ കേസിൽപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പരാതി ലഭിച്ചശേഷം പോലീസ് പറഞ്ഞപ്രകാരം പരാതിക്കാരൻ പണം വാങ്ങാൻ പ്രതികളോട് പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ ഷോപ്പിങ്‌ കോംപ്ലക്സിനടുത്തേക്ക് വരാൻ പറഞ്ഞു. പണം വാങ്ങാനെത്തിയ ഇവരെ വേഷം മാറിയെത്തിയ പോലീസുകാർ പിടികൂടി. 

സി.ഐ. മധുസൂദനൻ നായർ, രാജേഷ്, പി.ഓസ്റ്റൺ തമ്പി, ബി.ഷിജിത്ത്, കെ.മനു തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. എസ്.ഐ. നളിനാക്ഷനാണ് കേസിന്റെ അന്വേഷണച്ചുമതല. ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജാരാക്കിയ പ്രതികളെ 26 വരെ റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് അയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.