Latest News

തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥിയുടെ നുണക്കഥ: യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: കൊണ്ടോട്ടി ഓമാനൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഓമനൂര്‍ സ്വദേശികളായ ഫൈസല്‍, മുത്തസ് ഖാന്‍, ദുല്‍ഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

എന്നാല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വധശ്രമം, കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍, വാഹനം നശിപ്പിക്കല്‍ എന്നിവ ചുമത്തി 46 പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. നിരപരാധികളാണെന്ന് പറഞ്ഞിട്ടും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചെന്ന് യുവാക്കള്‍ പറയുന്നു. കൊല്ലുമെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു.
കാറിലെത്തിയ രണ്ട് പേര്‍ കുട്ടികളെ തട്ടി കൊണ്ടുപോവാന്‍ ശ്രമിച്ചു എന്നൊരു സന്ദേശം കാറിന്റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പ്രചരണം ശ്രദ്ധയില്‍പ്പെട്ട വാഴക്കാട് പോലിസ് കാര്‍ നമ്പര്‍ പരിശോധിച്ച് കാറുടമകളെ സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. പോലിസ് വിളിപ്പിച്ച പ്രകാരം അവര്‍ സ്‌റ്റേഷനിലേക്ക് വരുന്ന വഴിയിലാണ് ആള്‍ക്കൂട്ടം സംഘടിച്ച് ആ യുവാക്കളെ ക്രൂരമായി മര്‍ദിച്ചു അവശനിലയിലാക്കിയത്. പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ക്ക് കുട്ടി കടത്തുമായി യാതൊരു ബന്ധവിമില്ലെന്ന് തെളിഞ്ഞെങ്കിലും അപ്പോഴേക്കും അവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഓണ പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചത്. ഓമാനൂരില്‍ സ്‌കൂളില്‍ പോവാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥി തന്നെ കാറില്‍ തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്‍ യാത്രക്കാരെ കണ്ടെത്തി തിരിച്ചു വരാന്‍ നിര്‍ദ്ദേശിച്ചു. സ്‌റ്റേഷനിലെത്തുന്നതിന് മുന്നേയാണ് നാട്ടുകാര്‍ തടഞ്ഞ് മര്‍ദ്ദിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.