ബേക്കല്‍: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ടുള്ള പീഡനത്തിന് പിറകെ ഭാര്യ പുനര്‍വിവാഹിതയാകുന്നതായും പുതിയ ആലോചനകള്‍ ക്ഷണിക്കുന്നുവെന്നുമുള്ള സന്ദേശം വാട്‌സ് ആപില്‍ പ്രചരിപ്പിക്കുക കൂടി ചെയ്ത ഭര്‍ത്താവിനെതിരെ കേസ്.[www.malabarflash.com]
കല്ലിങ്കാലിലെ മുഹമ്മദ് ഷാഫിയുടെ മകള്‍ കെ.എസ് സാജിദയുടെ പരാതിയില്‍ ഭര്‍ത്താവ് ബേക്കല്‍ മൗവ്വല്‍ ബിലാല്‍നഗറിലെ ഇസ്ഹാഖിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
2017 ഡിസംബര്‍ മൂന്നിനാണ് ഇസ്ഹാഖ് സാജിദയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ സാജിദയുടെ വീട്ടുകാര്‍ ഇസ്ഹാഖിന് 100 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണം കൂടി ആവശ്യപ്പെട്ട് ഇസ്ഹാഖ് സാജിദയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. പീഡനം അസഹ്യമായതോടെ സാജിദ സ്വന്തം വീട്ടിലേക്ക് പോയി.
ഇതിനുശേഷമാണ് സാജിദ പുനര്‍വിവാഹിതയാകുന്നുവെന്ന അറിയിപ്പോടെ വാട്‌സ് ആപില്‍ പരസ്യം പ്രചരിച്ചുതുടങ്ങിയത്. സാജിദയുടെ മാതാവിന്റെ ഫോണ്‍ നമ്പറാണ് പരസ്യത്തോടൊപ്പം ചേര്‍ത്തിരുന്നത്. ഇതോടെ സാജിദയുടെ ഫോണിലേക്ക് നിരവധി ഫോണ്‍കോളുകള്‍ വന്നു. സാജിദയും വീട്ടുകാരും ഇതേക്കുറിച്ച് അന്വേഷിച്ചതോടെ പരസ്യത്തിന് പിന്നില്‍ ഇസ്ഹാഖാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇസ്ഹാഖിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment