Latest News

ഷാനവാസിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍ ; മൂന്നാംപ്രതി ഒളിവില്‍, കൊലയ്ക്ക് കാരണം മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കം

കാസര്‍കോട്: പട്‌ളയിലെ ഷൈന്‍കുമാര്‍ എന്ന ഷാനവാസി (27)നെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഉപയോഗശൂന്യമായ കിണറില്‍ തള്ളിയ കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

മൊഗ്രാല്‍ കെ.കെ പുറം ചളിയങ്കോട്ടെ മുനവ്വിര്‍ കാസിം എന്ന മുന്ന(25), നെല്ലിക്കുന്ന് കടപ്പുറം ശാന്തിനഗറിലെ കെ ജയചന്ദ്രന്‍ എന്ന ജയ്യു(43) എന്നിവരെയാണ് കാസര്‍കോട് സി.ഐ അബ്ദുറഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കി.

ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടുപ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ജയചന്ദ്രന്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലടക്കം വധശ്രമമുള്‍പ്പെടെ ഇരുപതിലേറെ കേസുകളുണ്ടെന്നും മുനവ്വിറിനെതിരെ രണ്ട് കഞ്ചാവ് കടത്തുള്‍പ്പെടെ നിരവധി കേസുകളുള്ളതായും പോലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 20 നാണ് കാസര്‍കോട് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറില്‍ ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. ദിവസങ്ങളോളം പഴക്കമുണ്ടായിരുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

മൃതദേഹം കണ്ടെത്തിയ പറമ്പില്‍ ഷാനവാസിന്റെ കൂളിംഗ് ഗ്ലാസും മാലയും പൊട്ടിയ നിലയില്‍ കണ്ടെത്തിയതോടെ ഇതൊരു കൊലപാതകമാണെന്ന് ആദ്യം തന്നെ പോലീസ് നിഗമനത്തിലെത്തിയിരുന്നു. വയറിനു താഴെ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. അന്വേഷണത്തിന്റെ ഭാഗമായി ഷാനവാസിന്റെ സുഹൃത്തുക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് ഒരുമാസം മുമ്പ് ഷാനവാസിനെ കാണാനില്ലെന്ന പരാതി മാതാവ് വിദ്യാനഗര്‍ പോലീസില്‍ നല്‍കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാനവാസ്.

മദ്യപിക്കുന്നതിനിടെ കഞ്ചാവ് കടത്തിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാകുകയും മുനവ്വിറും ജയചന്ദ്രനും ചേര്‍ന്ന് ഷാനവാസിനെ കഠാരകൊണ്ട് കുത്തിക്കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളുകയും ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

സി.ഐക്ക് പുറമെ എസ്.ഐ നളിനാക്ഷന്‍, എ.എസ്.ഐ ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, സിജിത്ത്, ശ്രീകാന്ത്, ഷുക്കൂര്‍ , തോമസ്. നിയാസ്, രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.