Latest News

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി. 125 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 105 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. എട്ട്​ മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ്​ ബിൽ രാജ്യസഭയിൽ പാസായത്​.[www.malabarflash.com] 

ബിൽ ലോക്സഭയിൽ നേരത്തെ തന്നെ പാസ്സാക്കിയിരുന്നു.  പ്രതിപക്ഷ എം.പിമാർ അവതരിപ്പിച്ച വിവിധ ഭേദഗതികളിൽ ചിലത്​ ശബ്ദവോട്ടോടെയും മറ്റു ചിലത്​ ഇലക്​ട്രോണിക്​ വോട്ടിങ്ങിലൂടെയും തള്ളിയിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു ബിൽ പാസായതിന്​ പിന്നാലെ കോൺഗ്രസ്​ അധ്യക്ഷ സോണിയ ​ഗാന്ധിയുടെ പ്രതികരണം.

ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുയർന്നെങ്കിലും ഇത്​ വോട്ടിനിട്ട് തള്ളുകയായിരുന്നു. 99നെതിരെ 124 വോട്ടിനാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയത്. സി.പി.എം എം.പി കെ.കെ. രാഗേഷാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിൽ പങ്കെടുക്കാതെ ശിവസേനയുടെ മൂന്ന് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകി. പൗരത്വ ഭേദഗതി ബിൽ ആരുടെയും പൗരത്വം ഇല്ലാതാക്കാനല്ല. മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് കോൺഗ്രസാണ്. അതിനാൽ, ചരിത്രപരമായ തെറ്റ് തിരുത്താനാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു.

ഈ ബിൽ വെറുതെ കൊണ്ടുവന്നതല്ല. നരേന്ദ്ര മോദി സർക്കാർ വെറുതെ ഭരിക്കാൻ മാത്രമല്ല അധികാരത്തിലേറിയത്. 50 വർഷം മുമ്പ് ബിൽ കൊണ്ടുവന്നുവെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ല.
അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അവർ സംരക്ഷിച്ചില്ല. അവർ അഭയം തേടി ഇന്ത്യയിലെത്തി. ഇന്ത്യ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ്.

ശ്രീലങ്കൻ അഭയാർഥികൾക്ക് അഭയം നൽകാൻ നേരത്തെ വ്യവസ്ഥയുണ്ട്. അതിനാലാണ് ഈ ബില്ലിൽ അവരെ ഉൾപ്പെടുത്താത്തത്. മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നൽകാനും വ്യവസ്ഥയുണ്ട്. അയൽക്കാരായ മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് ബില്ലെന്നും അമിത് ഷാ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.