Latest News

കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ കോടികൾ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങൾ അറസ്റ്റിൽ. ഗുഡ്‍വിൻ ജ്വല്ലറി ഉടമകളായ സുനിൽകുമാറും സുധീഷ് കുമാറുമാണ് പോലീസ് പിടിയിലായത്. കോടതിയിൽ കീഴടങ്ങാൻ വരും വഴിയാണ് താനെ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതികളെ പിടികൂടിയത്.[www.malabarflash.com]

സ്വർണക്കടകളുടെ മറവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്‍വിൻ ഗ്രൂപ്പിനെതിരായ പരാതി. ഒരു ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപവരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.

പണം കിട്ടാതായതോടെ നിക്ഷേപകർ പ്രശ്നമുണ്ടാക്കിത്തുടങ്ങിയപ്പോൾ മൂന്ന് മാസം മുൻപ് കടകളെല്ലാം പൂട്ടി പ്രതികൾ മുങ്ങി. ജ്വല്ലറികളിലെ സ്വർണമെല്ലാം മാറ്റിയ ശേഷമാണ് പ്രതികൾ മുങ്ങിയതെന്ന് അന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ മുംബൈയിലും താനെയിലും പൂനെയിലും തുടങ്ങി ജ്വല്ലറിക്ക് ശാഖകളുള്ള ഇടങ്ങളിലെല്ലാം ആയിരിക്കണക്കിനാളുകൾ പരാതിയുമായെത്തി.

താനെയിൽ മാത്രം 25 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സഹോദരങ്ങളെ തിരഞ്ഞ് മുംബൈ പോലീസ് കേരളത്തിലും എത്തിയിരുന്നു. ഒളിവിലാണെങ്കിലും സ്ഥാപനത്തെ തകർക്കാൻ വ്യാജ പ്രചാരണം നടത്തുകയാണെന്ന വീഡിയോ സന്ദേശം ഇടയ്ക്കിടെ ഇരുവരും പുറത്ത് വിട്ടിരുന്നു. കേസിൽ പോലീസ് അന്വേഷണം ഊർജിതമല്ലെന്ന് ആരോപിച്ച്, പണം നഷ്ടമായവർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.