Latest News

ജെ.എന്‍.യുവില്‍ സംഘര്‍ഷം: വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനും വിദ്യാര്‍ഥികള്‍ക്കും നേരെ ആക്രമണം

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷിനെ ക്രൂരമായി മര്‍ദിച്ചു. എബിവിപി പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ആരോപണം. നിരവധി വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. 50 ഓളം പേരാണ് അക്രമം നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com]
തലക്ക് പരിക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിനുള്ളില്‍ വെച്ചാണ് മര്‍ദനമേറ്റത്. ക്യാമ്പസിന് പുറത്തുള്ളവരും മര്‍ദിച്ചതായി പരാതിയുണ്ട്. വിദ്യാര്‍ഥികളെ അക്രമികളില്‍നിന്ന് സംരക്ഷിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍മാര്‍ക്കും മര്‍ദ്ദനമേറ്റുവെന്ന് വിദ്യാര്‍ഥി യൂണിയന്‍ ട്വീറ്റ് ചെയ്തു. 

മുഖം മറച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നും അവര്‍ എബിവിപി ഗുണ്ടകളാണെന്നും എല്ലാവരും വിദ്യാര്‍ഥികളല്ലെന്നും യൂണിയന്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും മനുഷ്യച്ചങ്ങല തീര്‍ത്ത് പരസ്പരം സംരക്ഷിക്കണമെന്നും ട്വീറ്റില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവും രജിസ്‌ട്രേഷന്‍ ബഹിഷ്‌കരത്തേയും ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദനമെന്നാണ് റിപ്പോര്‍ട്ട്. മുഖം മൂടി ധരിച്ചാണ് തന്നെ അക്രമിച്ചതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ പ്രതികരിച്ചു. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടുക്കം രേഖപ്പെടുത്തി. വിദ്യാര്‍ഥികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് ഉടന്‍ അക്രമം അവസാനിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണം. സര്‍വകലാശാല കാമ്പസുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വമില്ലെങ്കില്‍ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കുമെന്നും അദ്ദേഹം ചോദിച്ചു. 

അതിനിടെ, ജെഎന്‍യുവിന്റെ പ്രധാന കവാടത്തിന് മുന്നില്‍ ഡല്‍ഹി പോലീസ് രാത്രിയോടെ നിലയുറപ്പിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നിരവധി ആംബുലന്‍സുകള്‍ ജെഎന്‍യുവിലേക്ക് അയച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.