Latest News

തീവ്രവാദക്കേസ്; രണ്ട് പേരെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്

ബാംഗ്ലൂര്‍: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത 15 പേരില്‍ രണ്ട് പേരെ വിട്ടയയ്ക്കാന്‍ ബാംഗ്ലൂരിലെ പ്രത്യേക എന്‍.ഐ.എ. കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരെ തെളിവുകളില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതി ജഡ്ജി സോമനാഥ് ആര്‍. സിഡ്ഗി ഉത്തരവിട്ടത്. പത്രപ്രവര്‍ത്തകനായ മുത്തി റഹ്മാന്‍ സിദ്ധിഖി(26), സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യൂസഫ് നലബാന്‍ഡ്(28) എന്നിവരെയാണ് വിട്ടയയ്ക്കുന്നത്. ദൈവത്തില്‍ വിശ്വാസമുണ്ടെന്നും തങ്ങള്‍ക്ക് നീതി ലഭിച്ചെന്നും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു.
തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞവര്‍ഷം ആഗസ്ത് 29-നാണ് ഇവരെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്യുന്നത്. അറസ്റ്റു മുതല്‍ ഇവര്‍ നിരപരാധികളാണെന്നും രാജ്യത്തിനെതിരെ ഒന്നും ചെയ്യില്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കര്‍ണാടക പോലീസില്‍ നിന്ന് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നത്. അറസ്റ്റിലായ പതിനൊന്ന് പേര്‍ക്കെതിരെ കഴിഞ്ഞദിവസം എന്‍.ഐ.എ. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ട് പേര്‍ നിരപരാധികളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത് കര്‍ണാടക പോലീസിന് തിരിച്ചടിയായി. രാഷ്ട്രീയ, മത നേതാക്കളെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനേയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് പതിനഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.