Latest News

പ്രധാനമന്ത്രി അജ്മീറില്‍; മുഖ്യപണ്ഡിതന്‍ വിട്ടുനിന്നു

പാക്
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫ് ദര്‍ഗയില്‍ പ്രാര്‍ഥന നടത്തി മടങ്ങി. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും ഉണ്ടായില്ലെങ്കിലും കേന്ദ്രവിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാക് പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ജയ്പൂരില്‍ ഉച്ചവിരുന്നൊരുക്കി.
അജ്മീര്‍ ദര്‍ഗയിലെ മുഖ്യപണ്ഡിതന്‍ സൈനുല്‍ ആബ്ദിന്‍ അലിഖാന്‍ പാക് പ്രധാനമന്ത്രിക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കാതെ വിട്ടുനിന്നതു പാക്കിസ്ഥാനു തിരിച്ചടിയായി. അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് തലയറുത്തെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ചു വിട്ടുനിന്ന പുരോഹിതന്റെ നടപടിയെ ബിജെപി സ്വാഗതം ചെയ്തു. എന്നാല്‍, പാക് പ്രധാനമന്ത്രിക്കു വിദേശകാര്യമന്ത്രി ഖുര്‍ഷിദ് വിരുന്നു നല്‍കിയതിനെ ബിജെപി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടേതു സ്വകാര്യസന്ദര്‍ശനമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കവിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും മന്ത്രി ഖുര്‍ഷിദ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ- പാക് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിനു ശേഷം ആദ്യമായാണ് ഏതെങ്കിലും പാക്കിസ്ഥാന്‍ ഭരണാധികാരി ഇന്ത്യ സന്ദര്‍ശിക്കുന്നത്. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ കാലാവധി ദിവസങ്ങള്‍ക്കകം തീരുമെന്നതിനാല്‍ ശനിയാഴ്ചത്തെ പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു രാഷ്ട്രീയ പ്രാധാന്യമില്ല.
നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകി രാവിലെ 11.55-നു പാക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണു പാക്പ്രധാന മന്ത്രിയും സംഘവും ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതിനിധികളാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 62-കാരനായ പ്രധാനമന്ത്രി രാജ പര്‍വേസും ഭാര്യ നുസ്‌റത്തും 20 ബന്ധുക്കളും ഉള്‍പ്പെടെ 40 അംഗ സംഘം നേരേ രാംബാഗ് പാലസ് ഹോട്ടലിലെത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തു.
സ്വകാര്യസന്ദര്‍ശനമായതിനാല്‍ ഔദ്യോഗിക ചര്‍ച്ചകളുണ്ടായില്ല. ഇന്ത്യയിലെ സൂഫി പാരമ്പര്യത്തെക്കുറിച്ചും രാജസ്ഥാനിലെ മറ്റു പ്രമുഖ ദര്‍ഗകളെക്കുറിച്ചുമാണു പാക് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്നു വിദേശകാര്യമന്ത്രി ഖുര്‍ഷിദ് പറഞ്ഞു. ഉച്ചവിരുന്നിനുശേഷം വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററുകളില്‍ നാലുമണിയോടെ ആജ്മീരിലെത്തിയ സംഘം അരമണിക്കൂറോളം ദര്‍ഗയില്‍ പ്രാര്‍ഥന നടത്തി.
ദര്‍ഗയിലേക്കു പച്ചപ്പട്ടും സമ്മാനിച്ചു. രാജസ്ഥാനിലെ അഭിഭാഷകരുടെയും വ്യാപാരികളുടെയും പ്രതിഷേധം കണക്കിലെടുത്തു കനത്ത സുരക്ഷാക്രമീകരണങ്ങളാണു ജയ്പൂരിലും അജ്മീരിലും ഒരുക്കിയിരുന്നത്.
തിരികെ ജയ്പൂരിലെത്തിയ സംഘം അവിടെനിന്നു വൈകുന്നേരം ഇസ്‌ലാമാബാദിലേക്കു മടങ്ങി.അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തോടു പാക് പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് ആജ്മീര്‍ ദര്‍ഗയിലെ മുഖ്യപണ്ഡിതന്‍ പ്രാര്‍ഥനാചടങ്ങില്‍നിന്നു വിട്ടുനിന്ന­ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.