Latest News

വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്തു

കാരക്കാസ്: വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചയാളാണ് മഡുറോ. വൈസ്പ്രസിഡന്റ് ആക്ടിംഗ് പ്രസിഡന്റാകുന്നതു ഭരണഘടനാവിരുദ്ധമെന്നാരോപിച്ച് പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിച്ചു.
1962ല്‍ കാരക്കാസില്‍ ജനിച്ച മഡുറോ ബസ് ഡ്രൈവറായിരുന്നു. ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഷാവേസിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം നാഷണല്‍ അസംബ്ലി സ്പീക്കറായും വിദേശകാര്യ മന്ത്രായായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദേശീയ അംസബ്ലിയുടെ പ്രത്യേക സെഷനില്‍ നടന്ന ചടങ്ങില്‍, രാജ്യത്തെ കുട്ടികളുടെയും തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കര്‍ഷകരുടെയും നാമത്തിലും കമാന്‍ഡര്‍ ഷാവേസിനോടുള്ള പൂര്‍ണമായകൂറിലും താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതായി മാഡുറോ പ്രഖ്യാപിച്ചു.
ഭരണഘടന പ്രകാരം ദേശീയ അംസബ്ലി സ്പീക്കറാണ് ആക്ടിംഗ് പ്രസിഡന്റാകേണ്ടതെന്ന് പ്രതിപക്ഷനേതാവ് ഹെന്റിക് കാപ്രിലസ് പറഞ്ഞു. മഡുറോയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിയേയും കാപ്രിലസ് വിമര്‍ശിച്ചു.
പുതിയ പ്രസിഡന്റ് ഇലക്ഷന്‍ തീയതി ഉടന്‍ പ്രഖ്യാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷനോട് മാഡുറോ ആവശ്യപ്പെട്ടു. സോഷ്യലിസത്തെ പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനുമാണ് താന്‍ പദവി ഏറ്റെടുക്കുന്നതെന്നും ഇതില്‍ വ്യക്തിപരമായ താത്പര്യങ്ങളില്ലെന്നും മഡുറോ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.