കോഴിക്കോട്: മീഞ്ചന്ത മിനിബൈപ്പാസിലെ തിരുവണ്ണൂര്‍ കുറ്റിയില്‍പ്പടി ജങ്ഷനില്‍ രണ്ടു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പന്നിങ്കരയില്‍ സംഘര്‍ഷം. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പന്നിയങ്കര പോലീസ് സ്‌റ്റേഷനു നേരെ കല്ലേറുണ്ടായി. നാട്ടുകാരുടെ നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സിലിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. അരക്കിണര്‍ പറമ്പത്ത് കോവില്‍ ഹരിദാസിന്റെ മകന്‍ രാജേഷ്(36), നല്ലളം ഉള്ളിലശ്ശേരിക്കുന്ന് പനയങ്കണ്ടി വീട്ടില്‍ വേലായുധന്റെ മകന്‍ മഹേഷ് (26) എന്നിവരാണ് മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഒട്ടേറെത്തവണ ലാത്തിച്ചാര്‍ജ്, കല്ലേറ്, കണ്ണീര്‍വാതകം, ദേശീയപാതാ ഉപരോധം എന്നിവ ഇന്നലെ ഉണ്ടായി. തിരുവണ്ണൂരും പരിസരപ്രദേശങ്ങളും യുദ്ധക്കളമായി.
മീഞ്ചന്ത മിനിബൈപ്പാസിലെ തിരുവണ്ണൂര്‍ കുറ്റിയില്‍പ്പടി ജങ്ഷനില്‍ തുടങ്ങി മാങ്കാവിലും പന്നിയങ്കരയിലും പരിസരപ്രദേശങ്ങളിലേക്കും സംഘര്‍ഷം വളര്‍ന്നു. കുറ്റിയില്‍പ്പടി ജങ്ഷനില്‍ ഒത്തുകൂടിയ ജനങ്ങള്‍ക്കു നേരേ പോലീസ് മൂന്നുതവണ ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്നും കാര്യങ്ങള്‍ വരുതിയിലാവാതെ വന്നപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പൊട്ടിച്ചു. ഇതിനിടെ ജനം കെ.എസ്.ആര്‍.ടി.സി. ബസ്സും പോലീസ് വാനും അടിച്ചു തകര്‍ത്തു.
No comments:
Post a Comment