Latest News

ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ബൈക്കപകടം; രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: മീഞ്ചന്ത മിനിബൈപ്പാസിലെ തിരുവണ്ണൂര്‍ കുറ്റിയില്‍പ്പടി ജങ്ഷനില്‍ പോലീസിന്റെ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അരക്കിണര്‍ പറമ്പത്ത് കോവില്‍ ഹരിദാസിന്റെ മകന്‍ രാജേഷ്(36), നല്ലളം ഉള്ളിലശ്ശേരിക്കുന്ന് പനയങ്കണ്ടി വീട്ടില്‍ വേലായുധന്റെ മകന്‍ മഹേഷ് (26) എന്നിവരാണ് മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി. ബസ്സ് അടിച്ചുതകര്‍ത്തു. പ്രതിഷേധവുമായി റോഡിലിറങ്ങിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് രണ്ടുതവണ ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ നാട്ടുകാര്‍ക്കും മാതൃഭൂമി ലേഖകന്‍ ആഷിക് കൃഷ്ണനും പരിക്കേറ്റു.
ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുറ്റിയില്‍പ്പടി ജങ്ഷനോടുചേര്‍ന്ന റോഡില്‍ പോലീസ് ജീപ്പൊതുക്കി മൂന്നു പോലീസുകാരും എതിര്‍വശത്ത് എസ്.ഐ.യും നിലയുറപ്പിച്ചായിരുന്നു വാഹനപരിശോധന നടത്തിയത്. മീഞ്ചന്ത ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്നു മരിച്ച യുവാക്കള്‍. ഇവര്‍ സഞ്ചരിച്ച ബൈക്കിന് എസ്.ഐ. കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എസ്.ഐ.യെ മറികടന്ന് ബൈക്ക് മുന്നോട്ടെടുത്ത യുവാക്കള്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ മുന്‍ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
ബസ്സ് അമ്പതു മീറ്ററോളം ദൂരം യുവാക്കളെയുംകൊണ്ട് മുന്നോട്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനപരിശോധനയ്‌ക്കെത്തിയ പോലീസ് ജീപ്പില്‍ത്തന്നെ യുവാക്കളെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
മരിച്ച മഹേഷ് ഇലക്ട്രീഷ്യനാണ്. സരോജിനിയാണ് അമ്മ. സഹോദരങ്ങള്‍ - സുനില്‍കുമാര്‍, ഉമേഷ്, സിന്ധു, ബിന്ദു, ഇന്ദുകല, റീന, ധന്യ. ആശാരിപ്പണിക്കാരനാണ് രാജേഷ്. അമ്മ ലീല. സഹോദരങ്ങള്‍ - ജിഷ, റോജ, ലൗലി. ഇരുവരും അവിവാഹിതരാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.